ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരാകും; സത്യപ്രതിജ്ഞ വൈകിട്ട് നാലിന് രാജ്ഭവനില്‍
|
തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.
പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാല്‍ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന. മന്ത്രിസഭയില്‍ പുനസംഘടനയുടെ ഭാഗമായി ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലുമാണ് സ്ഥാനം ഒഴിഞ്ഞത്.





