ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മുസ്‌ലിംകൾ പള്ളികളിലും ദർഗകളിലും മദ്രസകളിലും “ജയ് ശ്രീറാം, ജയ് റാം, ജയ് ജയ് റാം” എന്ന് വിളിക്കണമെന്ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ.
|
ഇന്ത്യയിലെ മുസ്‌ലിംകളിലും മറ്റ് അഹിന്ദുക്കളിലുമുള്ള 99 ശതമാനവും രാജ്യത്തിന്റേതാണ്. നമുക്ക് പൊതുവായ പൂർവികർ ഉള്ളതിനാൽ അവർ അങ്ങനെ തന്നെ തുടരും. അവർ മതം മാറിയിരിക്കുന്നു. രാജ്യം മാറിയിട്ടില്ല- ഇന്ദ്രേഷ് കുമാർ പറഞ്ഞു.
“ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ് കൂടാതെ മറ്റ് മതം അനുഷ്ഠിക്കുന്ന ആളുകളും അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങിനോടനുബന്ധിച്ച് അതാത് മതകേന്ദ്രങ്ങളിൽ സമാധാനം, ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രാർഥനകൾ അർപ്പിക്കണം”- ആർഎസ്എസ് നേതാവ് ആവശ്യപ്പെട്ടു.
“രാമ മന്ദിർ, രാഷ്ട്ര മന്ദിർ- ഒരു പൊതു പൈതൃകം” എന്ന പുസ്തകം പ്രകാശനം ചെയ്യാൻ അയോധ്യയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് നേതാവ്. ആർഎസ്എസ് പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ് ഇന്ദ്രേഷ് കുമാർ.
“നമുക്ക് പൊതുവായ പൂർവികരും പൊതുവായ മുഖങ്ങളും പൊതുവായ സ്വപ്ന സ്വത്വവുമുണ്ട്. നാമെല്ലാവരും ഈ രാജ്യക്കാരാണ്, ഞങ്ങൾക്ക് വിദേശികളുമായി ഒരു ബന്ധവുമില്ല. ദർഗകളിലും മക്തബുകളിലും മദ്രസകളിലും മസ്ജിദുകളിലും 11 തവണ ‘ശ്രീറാം, ജയ് റാം, ജയ് ജയ് റാം’ എന്ന് വിളിക്കാൻ എംആർഎം ആവശ്യപ്പെടുന്നു- ഇന്ദ്രേഷ് കുമാർ പറഞ്ഞു.
“ജനുവരി 22ന് രാത്രി 11നും രണ്ടിനും ഇടയിൽ അവരുടെ ഇബാദത്ത് ഗാഹുകളും പ്രാർഥനാ ഹാളുകളും ഗംഭീരമായി അലങ്കരിക്കാനും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ടിവിയിൽ കാണാനും ഞാൻ ഗുരുദ്വാരകളോടും ചർച്ചുകളോടും മറ്റ് മതകേന്ദ്രളോടും അഭ്യർഥിക്കുന്നു”- ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ദിനം.





