കമ്യൂണിസ്റ്റുകാര്‍ക്ക് അഹങ്കാരം പാടില്ല, ഗര്‍വോടെ പെരുമാറരുത്, വിനീതരാകണം: പി ജയരാജന്‍
|
കോഴിക്കോട്: കമ്യൂണിസ്റ്റുകാര്‍ക്ക് അഹങ്കാരം പാടില്ലെന്നും ഗര്‍വോടെ പെരുമാറരുതെന്നും എപ്പോഴും വിനീതരാകണമെന്നും സിപിഎം നേതാവ് പി. ജയരാജന്‍. കമ്യൂണിസ്റ്റുകാര്‍ വിനീതവിധേയരാകണമെന്ന് പാര്‍ട്ടി തന്നെ വ്യക്തമാക്കിയതാണെന്നും ജയരാജന്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങളുമായുള്ള ബന്ധം ദൃഢമാവണം. അത് സംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കില്‍ പരിശോധിച്ച് തെറ്റ് തിരുത്താന്‍ പാര്‍ട്ടിക്കകത്ത് സംവിധാനമുണ്ട്. നിരന്തരം അത്തരം തെറ്റുതിരുത്തല്‍ പ്രക്രിയ നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം കമ്യൂണിസ്റ്റുകാരുടെ നിലപാടിനെ വിലയിരുത്താനാകില്ല.
തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് നിലപാടുകള്‍ എല്ലാം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ടല്ല, നിലപാടാണ് പ്രധാനം. നാലു വോട്ടിനേക്കാളും സീറ്റിനേക്കാളും വലുത് നാടിന്റെ നിലനില്‍പ്പാണ്. അതാണ് പാര്‍ട്ടി നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകന്‍ ജിബിന്‍ പി മൂഴിക്കല്‍ അനുസ്മരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.





