കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്സ്ആപ്പ് ടിക്കറ്റും; ഇങ്ങനെ ചെയ്താല്‍ മതി
|
കൊച്ചി: കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ വാട്സ്ആപ്പിലും ടിക്കറ്റെടുക്കാം. ഇംഗ്ലീഷില്‍ ‘ഹായ്’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒരുമിനിറ്റ് കൊണ്ട് ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. നിലവില്‍ മൊബൈല്‍ ആപ് വഴി ടിക്കറ്റുകള്‍ ലഭ്യമാണ്. കെഎംആര്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നടി മിയാ ജോര്‍ജ് വാട്സ്ആപ് ടിക്കറ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തു.
9188957488 എന്ന വാട്സ്ആപ് നമ്പറിലൂടെയാണ് വാട്സ്ആപ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ഈ നമ്പര്‍ സേവ് ചെയ്ത ശേഷം Hi എന്ന് മെസേജ് അയക്കുക. തുടര്‍ന്ന് ക്യൂആര്‍ ടിക്കറ്റ്, ബുക്ക് ടിക്കറ്റ് എന്നീ ഓപ്ഷനുകളില്‍ ക്ലിക്ക് ചെയ്യണം. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ തെരഞ്ഞെടുത്ത ശേഷം യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ വഴി പണമടയ്ക്കാം. തുടര്‍ന്ന് ഡിജിറ്റല്‍ ടിക്കറ്റ് വാട്സ്ആപ് വഴി ലഭിക്കും. ഈ ടിക്കറ്റില്‍ അര മണിക്കൂറിനകം യാത്ര ചെയ്യണം. ഒരേസമയം ആറ് പേര്‍ക്കുള്ള ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.
ഇന്ന് മുതല്‍ പുതിയ ടിക്കറ്റിങ് സംവിധാനം നിലവില്‍ വരും. വാട്സ്ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍ (രാവിലെ 5.45 മുതല്‍ 7 മണി വരെയും, രാത്രി 10 മുതല്‍ 11 മണി വരെയും) 50 ശതമാനം ഇളവും ടിക്കറ്റിന് ലഭിക്കും. പുതിയ സംവിധാനത്തിലൂടെ തിരക്കുള്ള സമയങ്ങളിലും ക്യൂ നില്ക്കാതെയും ഇനി മുതല്‍ യാത്രക്കാര്‍ക്ക് എളുപ്പം മെട്രോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബംഗളൂരു മെട്രോയില്‍ ഉള്‍പ്പെടെ വാട്സ്ആപ് ടിക്കറ്റിങ് സംവിധാനം വന്‍ വിജയമായിരുന്നു.


