30
Jan 2024
Mon
30 Jan 2024 Mon

അസമില്‍ രാഹുലിന്റെ ക്ഷേത്രപ്രവേശനം പൊലീസ് തടഞ്ഞു; കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുവഹാത്തി: അസമില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമേ സന്ദര്‍ശനം അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞാണ് രാഹുലിനെയും സംഘത്തെയും തടഞ്ഞത്. ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ക്ഷേത്രത്തിന് സമീപത്തുതന്നെ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ ശ്രീ ശ്രീ ശങ്കര്‍ദേവയുടെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. എന്തിനാണ് തന്നെ തടഞ്ഞതെന്ന് രാഹുല്‍ ഗാന്ധി പൊലീസിനോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. ഇന്ന് ഒരാള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പോകാന്‍ കഴിയുകയുള്ളുവെന്ന് പ്രധാനമന്ത്രിയെ പരോക്ഷമായി സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി അസമിലാണ്. രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ഇന്ന് രാഹുല്‍ ബട്ടദ്രവ സത്രം സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അസം സര്‍ക്കാര്‍ സത്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ തീരുമാനം മറികടന്ന് സത്രം സന്ദര്‍ശിക്കാനാണ് രാവിലെ സത്ര കവാടത്തില്‍ രാഹുല്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എന്നിവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ അസമില്‍വച്ച് യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അസമിലെ സോണിത്പുരില്‍ യാത്ര എത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. കാവിക്കൊടി പിടിച്ച് നിരവധി ബി.ജെപി പ്രവര്‍ത്തകര്‍ നരേന്ദ്രമോദി കീ ജയ്, ജയ് ശ്രീ റാം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. യാത്രയെ അനുഗമിച്ചെത്തിയവര്‍ക്കിടയിലേക്കാണ് ബി.ജെ.പി പ്രവര്‍ത്തകരെത്തിയത്. അക്രമികളുടെ കൈവശം വടികളും ദണ്ഡും ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഈ മാസം 14ന് തുടങ്ങിയ യാത്രയ്ക്ക് നേരെ അസമില്‍ വിവിധയിടങ്ങളിലായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ജുമുഗുര്‍ഹിതില്‍ വച്ചും യാത്രക്ക് നേരെ ആക്രമണമുണ്ടായി. ജുമുഗുര്‍ഹിതില്‍ കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വാഹനം തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനത്തിന്റെ ചില്ലുകളില്‍നിന്ന് ന്യായ് യാത്രയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു. കാറിനുള്ളിലേക്ക് വെള്ളമൊഴിച്ച അവര്‍ മോദി അനുകൂല മുദ്രവാക്യം വിളിച്ചെന്നും ആക്രമണത്തിന് പിന്നില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയാണെന്നും ജയ്‌റാം രമേശ് ആരോപിച്ചു.