04
Feb 2024
Sun
04 Feb 2024 Sun

വീട്ടിലെ കറണ്ട് ബില്‍ കുറയ്ക്കണോ? ഈ സിംപിള്‍ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന ഒന്നാണ് കറണ്ട് ബില്‍. ചില മാസങ്ങളില്‍ അമിത ബില്‍ വരുന്നത് തീര്‍ച്ചയായും പരിമിത വരുമാനക്കാരെ ബാധിക്കും. എന്നാല്‍, അത്യാവശ്യ കാര്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. എന്നാല്‍, ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ കറണ്ട് ബില്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്ന് അവയുടെ പ്ലഗ് വേര്‍പ്പെടുത്തിവയ്ക്കുകയുമാണ്. എന്നാല്‍ ഇത് കൂടാതെ വേറെയും നിരവധി ടിപ്പുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൈദ്യുതി ഉപകരണം

🔼 വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുമ്പോള്‍ നിലവാരമുള്ളതു മാത്രം തെരഞ്ഞെടുക്കുക.
🔼 ആവശ്യത്തിനു മാത്രം വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക.
🔼 സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ക്കു പകരം നിലവാരമുള്ള സി.എഫ് ലാമ്പുകളും വാട്‌സ് കുറഞ്ഞ ട്യൂബ് ലൈറ്റുകളും എല്‍ഇഡി ബള്‍ബുകളും ഉപയോഗിക്കുക.
🔼 ഉപയോഗശേഷം ലൈററും ഫാനും ടിവിയും അതു പോലുള്ള മറ്റുപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്.
🔼 ബള്‍ബുകളും ട്യൂബുകളും അവയ്ക്ക് ഉപയോഗിക്കുന്ന ഷേഡുകളും ഇടയ്ക്കിടെ തുടച്ചു വ്യത്തിയാക്കുക.
🔼 രാത്രി കാലങ്ങളില്‍ വീടിനു പുറത്തുള്ള ലൈറ്റുകള്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.
🔼 വീടിനകം പെയിന്റു ചെയ്യാന്‍ ഇളംനിറങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തുക.
🔼 പീക്ക് ലോഡ് സമയത്ത് (വൈകുന്നേരം ആറു മണി മുതല്‍ 10 വരെ) കൂടുതല്‍ വൈദ്യുതി വേണ്ടി വരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
🔼 തകരാറിലായ ഉപകരണങ്ങള്‍ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കുക.

ടിവി

🔼 ടിവി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
🔼 ഉപയോഗശേഷം റിമോട്ട് മാത്രം ഉപയോഗിക്കാതെ പ്ലഗ് സ്വിച്ച് ഓഫ് ചെയ്യുക.
🔼 സി.ആര്‍.ടി സ്‌ക്രീനിനു പകരം എല്‍.സി.ഡി സ്‌ക്രീനുള്ള ടിവി ഉപയോഗിക്കുക.
🔼 സാധാരണഗതിയില്‍ ടിവിയുടെ വലിപ്പം കൂടുമ്പോള്‍ വൈദ്യുത ഉപയോഗവും വര്‍ധിക്കുന്നുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

ഫ്രിഡ്ജ്

🔼 ആവശ്യത്തിനു വലിപ്പമുള്ളതും അനുയോജ്യവുമായ ഫ്രിഡ്ജ് തിരഞ്ഞെടുക്കുക.
🔼 ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കിയാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാം.
🔼 ഫ്രിഡ്ജ് ഡോറിലെ റബര്‍ ബീഡിംങ്ങ് പരിശോധിച്ച് പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.
🔼  തെര്‍മോസ്റ്റാറ്റ് ശരിയാം വണ്ണം ക്രമീകരിക്കുകയും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉറപ്പിക്കുകയും ചെയ്യുക.
🔼 മൂടിയുള്ള പാത്രങ്ങളില്‍ വേണം ആഹാരം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കാന്‍. അല്ലെങ്കില്‍ ഈര്‍പ്പം ഫ്രിഡ്ജിനകത്തു വ്യാപിക്കുകയും വൈദ്യുതോപയോഗം കൂടുകയും ചെയ്യും.
🔼ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുക.
🔼 ഡീഫ്രോസ്റ്ററിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം. ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് ഊര്‍ജ്ജനഷ്ടം വരുത്തും.
🔼 ദിവസം മുഴുവനും ഫ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കണമെന്നില്ല. വേണമെങ്കില്‍ ഇടയ്ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ ഓഫ് ചെയ്തിടാം.
🔼 ഫ്രിഡ്ജിലെ ഫ്രീസറിന്റെ ഡോര്‍ ശരിയാംവണ്ണം അടയുന്നുണ്ടെന്നു ഉറപ്പുവരുത്തുക.
🔼ഉപയോഗത്തിനനുസരിച്ച് ‘ഡബിള്‍ ഡോര്‍’ ഫ്രിഡ്ജ് തിരഞ്ഞെടുക്കുന്നത് അഭികാമ്യം.
🔼 ഫ്രിഡ്ജിന്റെ ഡോര്‍ തുറന്നിടരുത്.
🔼 സ്റ്റാര്‍ റേറ്റിങ് കൂടിയ ഫ്രിഡ്ജ് വാങ്ങുക. ഉയര്‍ന്ന റേറ്റിങ് ഉള്ള ഫ്രിഡ്ജുകള്‍ക്ക് വൈദ്യുതി കുറഞ്ഞ അളവില്‍ മതിയാകും.

മിക്‌സി

🔼മിക്‌സി തുടര്‍ച്ചയായി കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കരുത്.
🔼 കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക.
🔼ഓവര്‍ലോഡ് നല്‍കരുത്. ഇതു വൈദ്യുതി ചെലവു കൂട്ടും.
🔼 നിലവാരമുള്ളതും ഐഎസ്‌ഐ മാര്‍ക്കോടു കൂടിയതുമായ മിക്‌സികള്‍ മാത്രം ഉപയോഗിക്കുക.
🔼 സമയാസമയങ്ങളില്‍ ബ്ലേഡുകള്‍ക്ക് മൂര്‍ച്ച കൂട്ടുകയോ മാറ്റിയിടുകയോ ചെയ്യുക.

ഫാന്‍

🔼 ഗുണമേന്മയില്ലാത്തതും തീരെ വിലകുറഞ്ഞതുമായ ഫാനുകള്‍ ഒഴിവാക്കുക.
🔼 ഡബിള്‍ ‘ബോള്‍ ബെയറിംഗ്’ ഉപയോഗിക്കുന്ന ഫാനുകള്‍ വേണം വാങ്ങാന്‍.
🔼 സാധാരണ റെഗുലേറ്ററുകള്‍ക്കു പകരം ഇലക്‌ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുക.
🔼 ബെയറിംഗ് തകരാര്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ പരിഹരിക്കണം.
🔼വളരെ പഴക്കം ചെന്ന ഫാനുകള്‍ മാറ്റി പുതിയതു പിടിപ്പിച്ചാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാം.
🔼മൂന്നു ലീഫുകളുള്ള ഫാനുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് താരതമ്യേന നല്ലത്.

എയര്‍ കണ്ടീഷണര്‍

🔼 പഴക്കം ചെന്ന വിന്‍ഡോ ടൈപ്പ് എയര്‍ കണ്ടീഷണറുകള്‍ക്ക് പകരം പുതിയ സ്പഌറ്റ് എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുക.
🔼റിമോര്‍ട്ട് ഉപയോഗിച്ചു മാത്രം ഓഫ് ചെയ്യാതെ പവര്‍ സ്വിച്ചു കൂടി ഓഫാക്കുക.
🔼 സ്ലീപ് ടൈമര്‍ ഉള്ള എയര്‍ കണ്ടീഷണറുകള്‍ കൂടുതല്‍ നല്ലത്.
🔼എയര്‍ ഫില്‍ട്ടര്‍ ഇടയ്ക്കിടെ പുറത്തെടുത്ത് വൃത്തിയാക്കുക.
🔼ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ യഥാവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
🔼 വില അല്‍പം കൂടിയാലും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിങ് ഉള്ള എയര്‍ കണ്ടീഷണറുകള്‍ തെരഞ്ഞെടുക്കുക.
🔼 എസിയുള്ള മുറിയിലെ വെന്റിലേറ്ററുകളും എയര്‍ഹോളുകളും ജനലുകളുമെല്ലാം നന്നായി അടച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തുക.
🔼ഉയരം ക്രമീകരിച്ചു ഫോള്‍സ് സീലിംങ്ങ് നടത്തുന്നതു എസിയുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുകയും വൈദ്യുത ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
🔼തറയില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്.
🔼ചൂട് പുറത്തേക്കു വിടുന്ന ഉപകരണങ്ങള്‍ എസി ഉപയോഗിക്കുന്ന മുറിയില്‍ കഴിവതും ഒഴിവാക്കുക.
🔼ജനലുകളുടെയും ഗ്ലാസ് ഭിത്തികളുടേയും എണ്ണം എത്ര കുറയ്ക്കാമോ അത്രയും നല്ലത്.
🔼. ഡോറുകളില്‍ ‘ഡോര്‍ ക്ലോസര്‍’ ഘടിപ്പിക്കുക.
🔼 എസിയുടെ കാര്യക്ഷമതയില്‍ കുറവു തോന്നിയാല്‍ വൈകാതെ ടെക്‌നീഷ്യന്റെ സഹായം തേടുക.

വാഷിംങ് മെഷീന്‍

🔼വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന വാഷിംങ് മെഷീനുകള്‍ക്ക് വൈദ്യുതചെലവ് കൂടും.
🔼’ഫ്രണ്ട് ലോഡ്’ വാഷിംഗ് മെഷീനാണ് കാര്യക്ഷമത കൂടുതല്‍. കുറഞ്ഞ വെള്ളം മതിയെന്നതിനു പുറമേ വൈദ്യുതി ചെലവും കുറവായിരിക്കും.
🔼 അലക്കുമ്പോള്‍ മെഷീന്റെ പൂര്‍ണശേഷി തന്നെ പ്രയോജനപ്പെടുത്തുക.
🔼സ്പിന്നിംഗ് ഒഴിവാക്കി തുണി പുറത്തെടുത്ത് ഉണങ്ങാനായാല്‍ അത്രയും വൈദ്യുതിലാഭം.
🔼വാഷിംങ് മെഷീന്റെ ബെല്‍റ്റ് അയഞ്ഞിട്ടുണ്ടോയെന്നു ഇടയ്ക്കു പരിശോധിക്കുന്നതും വര്‍ഷത്തിലൊരിക്കലെങ്കിലും സര്‍വീസ് ചെയ്യിക്കുന്നതും കാര്യക്ഷമത കൂട്ടും.

ഗീസര്‍

🔼ഗീസര്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.
🔼 സ്റ്റാര്‍ റേറ്റിങ് ഉള്ള ഗീസര്‍ വാങ്ങിക്കാന്‍ ശ്രദ്ധിക്കുക.
🔼 ഗീസറിന്റെ തെര്‍മല്‍ കട്ട് ഓഫ് ശരിയാംവണ്ണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ വൈദ്യുതി ഉപയോഗം കൂടും.
🔼 കൂടിയ അളവില്‍ ചൂടുവെള്ളം വേണമെന്നുണ്ടെങ്കില്‍ ഇലക്ട്രിക് ഗീസര്‍ ഒഴിവാക്കി സോളാര്‍, ഗ്യാസ് മോഡലുകള്‍ തിരഞ്ഞെടുക്കുകയാണ് നല്ലത്.

ഇസ്തിരിപ്പെട്ടി

🔼ഓട്ടോമാറ്റിക് കട്ട് ഓഫ് ഉള്ള ഇസ്തിരിപ്പെട്ടികള്‍ ഉപയോഗിക്കുക.
🔼.തെര്‍മോസ്റ്റാറ്റില്‍ തുണിക്കനുസരിച്ചുള്ള ചൂടുമാത്രം സെറ്റ് ചെയ്യുക.
🔼 തുണികളെല്ലാം അടുപ്പിച്ചു വച്ച ശേഷം വേണം ഇസ്തിരിപ്പെട്ടി ഓണ്‍ ചെയ്യാന്‍.
🔼. ഇസ്തിരി ഇടുന്നതിനിടയില്‍ മറ്റു ജോലികള്‍ക്ക് പോകാതിരിക്കുക.
🔼 ചൂട് കുറവു വേണ്ടത് ആദ്യവും അവസാനവും ആയി ഇസ്തിരിയിടുക
🔼. ഒന്നോ രണ്ടോ വസ്ത്രങ്ങള്‍ക്കു മാത്രമായി ഇസ്തിരിപ്പെട്ടി ഉപയോഗിക്കാതെ ആഴ്ചയിലൊരിക്കല്‍ എന്ന രീതിയില്‍ ഇതു ക്രമീകരിക്കുക.

കമ്പ്യൂട്ടറുകള്‍

🔼സിആര്‍ടി മോണിട്ടറുകള്‍ക്ക് പകരം എല്‍സിഡി മോണിട്ടറുകള്‍ ഉപയോഗിക്കുക.
🔼 കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തപ്പോള്‍ പൂര്‍ണമായി ഷട്ട്ഡൗണ്‍ ചെയ്യുക.
🔼സീറ്റില്‍ നിന്നും എഴുന്നേറ്റു പോകുമ്പോഴൊക്കെ മോണിട്ടര്‍ സ്വിച്ച് ഓഫ് ചെയ്യുക.
🔼 സ്ലീപ് മോഡും സ്‌ക്രീന്‍ സേവറുകളും പ്രയോജനപ്പെടുത്തുക.

ഇന്‍വേര്‍ട്ടര്‍

🔼ബാറ്ററി തിരഞ്ഞെടുക്കുമ്പോള്‍ ഗുണമേന്മ നിര്‍ബന്ധമായും ഉറപ്പു വരുത്തുക.
🔼 പകല്‍ മാനുവല്‍ മോഡിലും രാത്രി ഓട്ടോ മോഡിലും ഉപയോഗിക്കുക.
🔼അസ്വാഭാവികമായി വൈദ്യുതബില്‍ വര്‍ധിച്ചാല്‍ ഇന്‍വേര്‍ട്ടര്‍ ബാറ്ററി ചാര്‍ജിങ് ടെക്‌നീഷ്യനെ വിളിച്ച് പരിശോധിപ്പിക്കുക.

വാട്ടര്‍ പമ്പ്

🔼വോള്‍ട്ടേജ് കുറഞ്ഞ സമയങ്ങളില്‍ പമ്പു പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
🔼വിലക്കൂടുതല്‍ നോക്കാതെ ഗുണമേന്മയുള്ള പമ്പുകള്‍ തെരഞ്ഞെടുക്കുക.
🔼.പമ്പിന്റെ ശേഷി ആവശ്യമനുസരിച്ചു വേണം. കൂടിയാലും കുറഞ്ഞാലും വൈദ്യുതി പാഴാകും.
🔼 ബെയറിങ് തകരാറുകള്‍ യഥാസമയം പരിഹരിക്കണം.
🔼പമ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പുകളില്‍ വളവും തിരിവും കഴിവതും കുറയ്ക്കുക.

കൂടുതല്‍ വായനക്ക്: https://www.keralaenergy.gov.in/images/pdf/conervation_tip/domestic%20energy%20conservation%20tips.pdf

Tips to reduce your electricity bill