കാണാതായ വളര്‍ത്തുനായയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 22 ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് ഉടമ. ദുബായിലാണ് സംഭവം. മൂന്നുവയസ്സ് പ്രായമുള്ള കോക്കപ്പൂ ഇനമായ മൂന്നുവയസ്സുള്ള കഡില്‍സ് എന്നു പേരിട്ടിരിക്കുന്ന നായ ആണ് കാണാതായിരിക്കുന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍ ആസ്ഥാനത്തിനു സമീപത്തെ മൃഗക്ഷേമ കേന്ദ്രത്തില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് കഡില്‍സ് ഇറങ്ങിയോടിയത്.
|
നായയെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കഡില്‍സിന്റെ ഉടമകള്‍ വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. മറ്റു ചോദ്യങ്ങളൊന്നുമുണ്ടാവില്ലെന്നും നായയെക്കുറിച്ച് വിവരം നല്കിയാല് ഒരു ലക്ഷം യുഎഇ ദിര്‍ഹം സമ്മാനമായി നല്‍കുമെന്നുമാണ് ഉടമയായ സമ അല്‍ മന്സലാവിയുടെ അറിയിപ്പ്. ദുബായി ഗര്ഹൂദിലെ ഡി 27 സ്ട്രീറ്റിലെ കമ്മ്യൂണിറ്റി 214ല്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് 6.40നാണ് നായയെ അവസാനമായി കണ്ടതെന്നും ഉടമയുടെ സാമൂഹിക മാധ്യമ പോസ്റ്റില്‍ പറയുന്നു. നായയുടെ വിവിധ ഫോട്ടോകളും ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.






