20
May 2024
Fri
20 May 2024 Fri

റിയാദ്: വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയ ധന ചെക്കിന്റെ പകർപ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി ക്രിമിനൽ കോടതി മേധാവിയുടെ പേരിൽ എഴുതിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കിന്റെ പകർപ്പ് അടുത്ത പ്രവൃത്തി ദിവസം തന്നെ ഗവർണറേറ്റിൽ നൽകുന്നതിനായി ഗവർണറേറ്ററിന്റെ സമയം തേടിയിട്ടുണ്ട്. സമയം അനുവദിക്കുന്ന മുറക്ക് നേരിട്ടെത്തി ചെക്കിന്റെ പകർപ്പ് കൈമാറും. തുടർന്ന് ഗവർണറേറ്റിന് മുമ്പാകെ അനുരഞ്ജന കരാറിൽ ഒപ്പിടുന്നതിന് അനസിന്റെ അനന്തരാവകാശികളോ, അധികാരപ്പെടുത്തിയ പവർ ഓഫ് അറ്റോണിയോ ഹാജരാകും.

റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂർ, സഹായ സമിതി അംഗം മൊഹിയുദ്ദീൻ സഹീർ എന്നിവർ ആണ് ഇക്കാര്യം അറിയിച്ചത്.

അനുരഞ്ജന കരാറിൽ ഒപ്പിട്ടു കഴിഞ്ഞാൽ കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ ഗവർണറേറ്റിലോ, കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട തുടർ നടപടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.