അബൂദബി: അബൂദബി എമിറേറ്റിൽ 37 പുതിയ റെസ്ക്യൂ, അഗ്നിശമന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചതായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. അടിയന്തരസാഹചര്യങ്ങളിലും അപകടസമയങ്ങളിലും ഉടനടി സഹായമെത്തിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി.
|
ഇതിൽ 16 എണ്ണം അബൂദബിയിലാണ് തുടങ്ങുക. 14 എണ്ണം അൽഐനിലും 7 എണ്ണം അൽ ധഫ്ര റീജ്യനിലുമാണ് ആരംഭിക്കുകയെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. എമിറേറ്റിലെ അടിയന്തര സംവിധാനത്തിന് പിന്തുണ നൽകാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് നീക്കമെന്ന് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സലിം അബ്ദുല്ല ബിൻ ബാറക് അൽ ധാഹിരി വ്യക്തമാക്കി.
ഓരോ കേന്ദ്രങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള ക്ഷമത ഉറപ്പുവരുത്താൻ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളുമടക്കം സജ്ജമാക്കിയിട്ടുണ്ടെന്ന് ബാർഖ് പട്രോൾ പോയിന്റുകളുടെ പ്രൊജക്ട് മാനേജരും എക്‌സ്‌റ്റേണൽ റീജിയൻസ് റെസ്‌ക്യൂ ആൻഡ് ഫയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ കേണൽ സലിം ഖലീഫ അൽ മൻസൂരി പറഞ്ഞു.





