23
Aug 2022
Thu
23 Aug 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗ കേസിലെ 11 പ്രതികളേയും ​ഗുജറാത്ത് സർക്കാർ വിട്ടയച്ചതിൽ വിമർശനവുമായി തെന്നിന്ത്യൻ നടിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ഖുഷ്ബു സുന്ദർ. ബിൽക്കീസ് ബാനുവിന് നീതി ലഭിക്കണമെന്നും കുറ്റ​കൃത്യത്തിൽ ഉൾപ്പെട്ട ഒരാളെ പോലും വെറുതെ വിടരുതെന്നും ഖുഷ്ബു പറഞ്ഞു. വെറുതെവിട്ടാൽ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമായിരിക്കുമെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു.

 

‘ബലാത്സംഗം ചെയ്യപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ ആത്മാവിന് മുറിവേൽക്കപ്പെടുകയോ ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കണം. അതിൽ ഉൾപ്പെട്ട ഒരു മനുഷ്യനേയും വെറുതെ വിടരുത്. അങ്ങനെ ചെയ്താൽ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബിൽക്കീസ് ബാനു അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി ഈ കാലഘട്ടത്തിൽ പിന്തുണ ആവശ്യമാണ്’- ഖുശ്ബു ട്വീറ്റിൽ പറയുന്നു.

 

പ്രതികളെ വിട്ടയച്ചതിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞദിവസം രം​ഗത്തെത്തിയിരുന്നു. വിട്ടയച്ച നടപടി തെറ്റാണെന്ന് പറഞ്ഞ ഫഡ്നാവിസ് പ്രതികൾക്ക് സ്വീകരണമൊരുക്കിയ നടപടി ഒരിക്കലും നീതീകരിക്കാനാവില്ലെന്നും പറഞ്ഞു.

 

​ഗുജറാത്ത് ബിജെപി സർക്കാർ പ്രതികളെ വിട്ടയച്ചതിന് രാഷ്ട്രീയ മാനമില്ലെന്നായിരുന്നു വനിതാ വിഭാഗം ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്റെ വാദം. മാർ​ഗനിർദേശങ്ങളുടെയും കേസിന്റെ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ വിട്ടയച്ചതെന്നും അവർ പറഞ്ഞിരുന്നു. റിമിഷൻ പോളിസി പ്രകാരം ഗുജറാത്ത് സർക്കാർ ഓരോ കേസും വിലയിരുത്തുമായിരുന്നുവെന്നും വനതി അവകാശപ്പെട്ടിരുന്നു.

 

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മേഘാലയയിലെ 420 പേർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ ബേട്ടി ബച്ഛാവോ ബേട്ടി പഠാവോ, മിഷന്‍ ശക്തി എന്നിവ പൊള്ളത്തരങ്ങളാണെന്നതിന്റെ സൂചനയാണ് കുറ്റവാളികളുടെ മോചനമെന്ന് കത്തിൽ പറയുന്നുണ്ട്.

 

പ്രതികളെ ശിക്ഷിച്ച റിട്ട. ജസ്റ്റിസും ​ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ രം​ഗത്തെത്തിയിരുന്നു. ബുദ്ധിമുട്ട് അനുഭവിച്ചയാൾക്കറിയാം അതിന്റെ പ്രയാസമെന്നും സുപ്രീംകോടതിയുടെ നിർദേശങ്ങളോ മാർ​ഗനിർദേശങ്ങളോ ഇവിടെ പാലിക്കപ്പെട്ടില്ലെന്നും റിട്ട. ജസ്റ്റിസ് യു ഡി സാൽവി വ്യക്തമാക്കിയിരുന്നു. ഇനി സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച ​ഗുജറാത്ത് ബിജെപി സർക്കാർ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി മനുഷ്യാവകാശ പ്രവർത്തകരും ചരിത്രകാരന്മാരും ബ്യൂറോക്രാറ്റുകളുമുൾപ്പെടുള്ള പ്രമുഖരടങ്ങുന്ന 6000ലേറെ വ്യക്തികൾ രം​ഗത്തെത്തിയിരുന്നു. പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇവർ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. കുറ്റവാളികളെ നേരത്തെ വിട്ടയച്ച നടപടി നീതിയെ തകർക്കുന്നത് ആണെന്ന് അവർ തുറന്നടിച്ചു.