28
Jun 2024
Sat
28 Jun 2024 Sat

ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലുള്‍പ്പെടെ, മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി ജൂണ്‍ 21 വരെ പേര് ചേര്‍ക്കാം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വോട്ടര്‍ പട്ടികയുടെ കരട് ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ചു. 01.01.2024ലോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും വാര്‍ഡില്‍ നിന്നോ പോളിങ് സ്‌റ്റേഷനില്‍ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും www.sec.kerala.gov.in സൈറ്റില്‍ അപേക്ഷകന്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. അക്ഷയ സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ അധികൃത ജനസേവനകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് (ജനറല്‍), ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക് (സ്ത്രീ സംവരണം), തോട്ടവാരം (സ്ത്രീ സംവരണം), പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ കരിമന്‍കോട് (ജനറല്‍), മടത്തറ (പട്ടികജാതി സംവരണം), കൊല്ലായില്‍ (ജനറല്‍), കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടള (സ്ത്രീ സംവരണം), ചാത്തമ്പാറ (പട്ടികജാതി സ്ത്രീ സംവരണം) എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.സുധീഷ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനുന്‍ വഹീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO