27
Jul 2024
Sat
27 Jul 2024 Sat
Air India Express strike

മസ്‌ക്കത്ത്: യാത്രക്കാരെ വലച്ച് വിമാനം റദ്ദാക്കുന്ന നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടരുന്നു. (Air India Express cancels flights again; Passengers suffer ) പൈലറ്റുമാര്‍ നടത്തിയ സമരത്തിന് പിന്നാലെ പല തവണയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൊടുന്നനെ വിമാനം റദ്ദാക്കുന്നത്. അവസാന മണിക്കൂറുകളില്‍ വിമാനം പറക്കില്ലെന്ന അറിയിപ്പ് ലഭിക്കുന്ന യാത്രക്കാരില്‍ പലരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌ക്കത്ത്-കണ്ണൂര്‍ സെക്ടറിലെ സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും റദ്ദു ചെയ്തത്. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തില്‍ എത്തേണ്ട ഐഎക്‌സ് 0713 വിമാനവും മസ്‌കത്തില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരില്‍ എത്തുന്ന ഐഎക്‌സ് 0714 വിമാനവുമാണ് കാന്‍സല്‍ ചെയ്തത്.

വെള്ളിയാഴ്ച മസ്‌കത്ത്-കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങളും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച സര്‍വീസ് റദ്ദാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എയര്‍ ഇന്ത്യാ എക്‌സപ്രസ് യാത്രക്കാര്‍ക്ക് നല്‍കി.

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ നിരന്തരമായ റദ്ദാക്കലുകള്‍ മൂലം ബുദ്ധിമുട്ടിലായ നിരവധി യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഈ രീതിയില്‍ പോയാല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് യാത്രക്കാര്‍.