24
Jan 2025
Thu
24 Jan 2025 Thu
Air Kerala flight will start service from June

എയര്‍ കേരളയുടെ ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍ നിന്നു പറന്നുയരുമെന്നും കൊച്ചി വിമാനത്താവളമായിരിക്കും വിമാനക്കമ്പനിയുടെ ഹബ്ബെന്നും ചെയര്‍മാന്‍ അഫി അഹമദ് അറിയിച്ചു. അള്‍ട്രാ ലോ കോസ്റ്റ് വിമാന സര്‍വീസുകളാണ് കമ്പനി നടത്തുക. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയര്‍ കേരള സര്‍വീസുകള്‍ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

76 സീറ്റുകളുള്ള എടിആര്‍ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും. 5 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. പാട്ടത്തിനെടുക്കുന്ന വിമാനങ്ങളില്‍ ആദ്യത്തേത് ഏപ്രിലില്‍ കൊച്ചിയിലെത്തും. വിമാന ജീവനക്കാരില്‍ പകുതിയും മലയാളികള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 750 ജീവനക്കാര്‍ ആദ്യ ഘട്ടത്തിലുണ്ടാകും. വിമാനങ്ങള്‍ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ട്.

പ്രവര്‍ത്തനം തുടങ്ങി 2 വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിക്കും. തുടര്‍ന്ന് വിദേശ സര്‍വീസുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഗള്‍ഫ് മേഖലയിലേക്കായിരിക്കും ആദ്യ വിദേശ സര്‍വീസ്. പ്രഖ്യാപന ചടങ്ങില്‍ മന്ത്രി പി രാജീവ് അധ്യക്ഷനായി. എംപിമാരായ ഹൈബി ഈഡന്‍, ഹാരിസ് ബീരാന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി.മനു, എയര്‍ കേരള വൈസ് ചെയര്‍മാന്‍ ആയൂബ് കല്ലട, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കീര്‍ത്തി റാവു, ഓപറേഷന്‍സ് ഹെഡ് ഷാമോന്‍ സയിദ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

ALSO READ: എയര്‍ കേരള പറക്കാനൊരുങ്ങുന്നു; വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതിയായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക