റിയാദ്: സൗദി പ്രോ ലീഗില്‍ അരങ്ങേറ്റം ഗംഭീരമാക്കി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. അല്‍റിയാദിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ നെയ്മറിന്റെ അല്‍ഹിലാലിനു മിന്നും ജയം. ഒന്നിനെതിരെ ആറു ഗോളിനാണു വിജയം. പരിക്കു കാരണം ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം രണ്ടാം പകുതിയിലാണ് നെയ്മര്‍ മത്സരത്തിനിറങ്ങിയത്. ഇന്നലെ രാത്രി നടന്ന മത്സരത്തിന്റെ ആദ്യ ഇലവനില്‍ നെയ്മര്‍ ഉള്‍പ്പെടാതിരുന്നതോടെ ആരാധകര്‍ നിരാശയിലായിരുന്നു.
|
ആദ്യ പകുതിയില്‍ 30ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ പെനാല്‍റ്റിയില്‍നിന്ന് ലീഡ് നേടിയാണ് അല്‍ഹിലാല്‍ തേരോട്ടം തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഇന്‍ജ്വറി ടൈമില്‍ അല്‍ഷഹ്‌റാനിയിലൂടെ ഹിലാല്‍ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയില്‍ 64ാം മിനുട്ടിലാണ് സബ്‌സിറ്റിറ്റിയൂട്ട് ആയി നെയ്മര്‍ ഇറങ്ങിയത്. ഇതോടെ ഗ്യാലറി ഇളകി മറിഞ്ഞു. 68ാം മിനുട്ടില്‍ നെയ്മറിന്റെ പാസില്‍നിന്നായിരുന്നു മൂന്നാം ഗോള്‍. നാസര്‍ അല്‍ദോസരി ആണ് വല കുലുക്കിയത്. 83ാം മിനുട്ടില്‍ വീണ്ടും നെയ്മറിന്റെ അസിസ്റ്റ്. മാല്‍കോം അതു ഗോളാക്കി. 87ാം മിനുട്ട്. ഹിലാലിന് നെയ്മര്‍ വഴി ലഭിച്ച പെനാല്‍റ്റി സാലിം അല്‍ദോസരി ലക്ഷ്യത്തിലെത്തിച്ചു. സ്‌കോര്‍ 5 – 0.
ഇഞ്ച്വറി ടൈമിന്റെ 95ാം മിനുട്ടില്‍ നെയ്മറിന്റെ ഷോട്ട് കീപ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ സാലിം അല്‍ദോസരി പന്ത് വലയിലേക്ക് തന്നെ എത്തിച്ചു. സ്‌കോര്‍ 6- 0. തൊട്ടടുത്ത മിനുട്ടില്‍ അല്‍റിയാദ് ആശ്വാസഗോളും നേടി.
NEYMAR’s Debut 😍#AlHilal 💙#AlHilal_AlRiyadh pic.twitter.com/AIqunRL4fm
— AlHilal Saudi Club (@Alhilal_EN) September 15, 2023


