22
Apr 2025
Thu
22 Apr 2025 Thu
Al Ula accident in Saudi Arabia

റിയാദ്: സഊദി അറേബ്യയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സുമാരായ അഖില്‍ അലക്‌സും ടീനയും പ്രതിശ്രുത വധൂ വരന്‍മാര്‍. സഊദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം സ്വദേശികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വയനാട് സ്വദേശികളായ അഖില്‍ അലക്‌സും ടീനയും മരിച്ചത്. ആകെ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. ബാക്കിയുള്ള മൂന്നുപേര്‍ സഊദി പൗരന്‍മാരാണ്. അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു അഖിലും ടീനയും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്ന് അല്‍ ഉല സന്ദര്‍ശനത്തിന് പോയ രണ്ടുപേരും സഞ്ചരിച്ച വാഹനം അല്‍ ഉലയില്‍നിന്ന് 150 ഓളം കിലോമീറ്റര്‍ അകലെവച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറും എതിര്‍വശത്ത് നിന്നും വന്ന സ്വദേശികള്‍ ഓടിച്ച ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപ്പിടിക്കുകയായിരുന്നു. അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സായ ടീന നാട്ടില്‍ വരാനിരിക്കെയാണ് ദാരുണമായ അന്ത്യം അവരെ തേടിയെത്തിയത്. ലണ്ടനില്‍ ആണ് അഖില്‍ ജോലിചെയ്യുന്നത്. പെരുന്നാള്‍ അവധിക്ക് മദീനയിലെത്തിയ അഖില്‍, ടീനക്കൊപ്പം അല്‍ ഉല സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു. സഊദിയില്‍നിന്ന് ഒന്നിച്ച് വയനാട്ടിലെത്തി വിവാഹിതരാകാനായിരുന്നു പദ്ധതി. ഇരുവരുടെയും പെട്ടെന്നുള്ള അപകട മരണത്തിന്റെ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കള്‍.

സംഭവത്തില്‍ മദീനപൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കേസെടുത്തിട്ടുമുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ മദീന ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ മലയാളി സംഘടനകള്‍ നടത്തിവരികയാണ്.

Al Ula accident in Saudi Arabia: Akhil and Tina, who died are about to get married