ഡല്‍ഹി: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രിംകോടതി കൊളീജിയത്തിനു മുന്നില്‍ ഹാജരാകും. (Allahabad High Court judge to appear before Supreme Court collegium today for anti-Muslim remarks) ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് യാദവ് ഇന്ന് വിശദീകരണം നല്‍കേണ്ടത്.
|
വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഭൂരിപക്ഷത്തിന്റെ ഹിതമനുസരിച്ച് ഇന്ത്യ ഭരിക്കപ്പെടണമെന്നും ഏകസിവില്‍കോഡ് നടപ്പിലാക്കുമെന്നുമായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
ഏക സിവില്‍ കോഡ് സംബന്ധിച്ച പരിപാടിയിലായിരുന്നു ജഡ്ജി അതിര് വിട്ടത്. ഇതിന് പിന്നാലെ നിരവധി സംഘടനകള്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും രാഷ്ട്രപതിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
യാദവിന്റെ പ്രസംഗം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രിം കോടതി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.
സുപ്രിം കോടതി കൊളീജിയത്തിന്റെ സിറ്റിങ്ങിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യവും ശക്തമാണ്.
ഹൈക്കോടതി ലൈബ്രറിയിലാണ് വിഎച്ച്പിയുടെ ലീഗല്‍ സെല്‍ വിവാദ പരിപാടി സംഘടിപ്പിച്ചത്. ഹൈക്കോടതി കെട്ടിടത്തിനുള്ളില്‍ നടന്ന സംഭവം അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കൂടാതെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. പാര്‍ലമെന്റില്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് പ്രതിപക്ഷ എംപിമാര്‍ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





