കോഴിക്കോട്: മെക് 7 വിവാദത്തില്‍ സിപിഎമ്മിന് പിന്നാലെ യുടേണ്‍ അടിച്ച് സമസ്ത കാന്തപുരം വിഭാഗവും. മെക് 7 എന്ന വ്യായാമ കൂട്ടായ്മയെക്കുറിച്ച് സമസ്ത പഠിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ലെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. (abdul-hakeem-azhari-says-samastha-has-not-studied-about-mec-7) എസ്വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരിന്റെ നിലപാട് തള്ളുന്നതാണ് ഹക്കീം അസ്ഹരിയുടെ പ്രസ്താവന.
|
”സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും മെക് സെവനെക്കുറിച്ച് പഠിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. ചില സ്ഥലങ്ങളില്‍ പുത്തന്‍വാദികളുടെ നേതൃത്വത്തില്‍ കളരി, കരാട്ടെ പോലുള്ളവ പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ മറവില്‍ അവരുടെ ആശയപ്രചാരണത്തില്‍ പെട്ടുപോകരുതെന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്. സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ പരിശീലനം നല്‍കുകയും സ്ത്രീകള്‍ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിടുകയും ചെയ്യുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്”- ഹക്കീം അസ്ഹരി വ്യക്തമാക്കി.
ഇത്തരം കൂട്ടായ്മകളില്‍ പോകുന്നതിനെയല്ല എതിര്‍ക്കുന്നത്. അതില്‍ മതപരമായ പ്രശ്നങ്ങളുണ്ടോ എന്നതാണ് തങ്ങള്‍ നോക്കുന്നത്. ആക്ടിവിസ്റ്റ് മുഹമ്മദലി കിനാലൂര്‍ മെക് സെവനെ എതിര്‍ത്ത് എഴുതിയത് ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹം തങ്ങളുടെ സംഘടനാപ്രവര്‍ത്തകനാണ്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് സംഘടനാ നിലപാടായി വ്യാഖ്യാനിക്കപ്പെടുന്നത്.
സുന്നികളുമായി ആശയപരമായി ഭിന്നതയുള്ളവര്‍ പലയിടത്തും മെക് സെവന് നേതൃത്വം കൊടുക്കുകയും പരസ്പര ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ ജാഗ്രത വേണമെന്നാണ് മുഹമ്മദലി പറഞ്ഞത്. സമസ്ത മെക് സെവനെക്കുറിച്ച് പഠിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കുമെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
മെക് സെവനെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മെക് സെവനെതിരെ സിപിഐഎം വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകള്‍ വഴി തിരിച്ചു വിടരുതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനന്‍ പറഞ്ഞു. പൊതു വേദികളില്‍ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു പി മോഹനന്റെ വിശദീകരണം.


