കൊച്ചി: ഹൈന്ദവ വിശ്വാസികൾ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.
|
ശിവരാത്രി പ്രമാണിച്ച് ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ എത്തുന്ന ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകീട്ട് ആരംഭിക്കുന്ന ഭക്തജന പ്രവാഹം കുംഭത്തിലെ അമാവാസിയായ നാളെയും തുടരും. ഇന്ന് രാത്രി നടക്കുന്നതു ശിവരാത്രി ബലിയും നാളെ രാവിലെ 8.30 മുതല്‍ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്.
മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 6നു ലക്ഷാര്‍ച്ചന, പിതൃപൂജ, പശുദാനം, കൂട്ടനമസ്‌കാരം, സായൂജ്യ പൂജ, തിലഹവനം, രാത്രി 12നു ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്. തുടര്‍ന്നാണ് ബലിതര്‍പ്പണം നടക്കുക.
ക്ഷേത്രകര്‍മങ്ങള്‍ക്കു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും കെഎസ്ആര്‍ടിസിയും രാത്രി സ്‌പെഷല്‍ സര്‍വീസ് നടത്തും.
ഗതാഗത നിയന്ത്രണം ഇന്ന് വൈകീട്ട് മുതല്‍
ശിവരാത്രിയോട് അനുബന്ധിച്ച് 26നു വൈകീട്ട് 4 മുതല്‍ 27നു ഉച്ചയ്ക്ക് 2 വരെ ആലുവയില്‍ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഉണ്ടാകും. റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 12 ഡിവൈഎസ്പിമാരും 30 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും.
മണപ്പുറത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി ടൗണ്‍ ഹാളിനു സമീപവും താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് ഉണ്ടാകും. 26നു രാത്രി 8 മുതല്‍ പാലസ് റോഡില്‍ ബാങ്ക് കവല മുതല്‍ മഹാത്മാഗാന്ധി ടൗണ്‍ ഹാള്‍ വരെ വാഹന ഗതാഗതം നിരോധിച്ചു.
ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും
മഹാശിവരാത്രി പ്രമാണിച്ച് ഇന്ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്. രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി.
തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ – 23.24, പുതുക്കാട് – 23.34, നെല്ലായി – 23.40, ഇരിഞ്ഞാലക്കുട – 23.47, ചാലക്കുടി – 23.55, ഡിവൈൻ നഗർ – 23.59, കൊരട്ടി – 00.04, കറുകുറ്റി – 00.09, അങ്കമാലി – 00.17, ചൊവ്വര – 00.26 വഴി 00.45ന് ആലുവയിൽ എത്തും.
തിരിച്ച് വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ് ചൊവ്വര – 5.23, അങ്കമാലി – 5.30, കറുകുറ്റി – 5.36, കൊരട്ടി – 5.41, ഡിവൈൻ നഗർ – 5.46, ചാലക്കുടി – 5.50, ഇരിഞ്ഞാലക്കുട – 5.59, നെല്ലായി – 6.08, പുതുക്കാട് – 6.14, ഒല്ലൂർ – 6.24 വഴി തൃശൂരിലെത്തി പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടും. ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





