26
Jan 2026
Fri
26 Jan 2026 Fri
Amrith Bharath train

Amrith Bharath train flag off  തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച് മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്‌ളാഗ് ഓഫ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയുടെ അനുബന്ധമായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, തിരുവനന്തപുരം നോര്‍ത്ത്, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക പരിപാടികളും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം സെന്‍ട്രല്‍ താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, നാഗര്‍കോവില്‍ ജങ്ഷന്‍ മംഗളൂരു ജങ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവ പ്രധാന വേദിയില്‍ മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതേസമയം തിരുവനന്തപുരം നോര്‍ത്ത് ചര്‍ലപള്ളി അമൃത് ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം നോര്‍ത്തില്‍നിന്നും തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂരില്‍നിന്നും സര്‍വീസ് ആരംഭിക്കും.

മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെയും റേക്കുകള്‍ കഴിഞ്ഞദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. റെയില്‍വേ തിരുവനന്തപുരം ഡിവിഷനും ദക്ഷിണ റെയില്‍വേയും പുതിയ റേക്കുകളുടെ വിവിധ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.

അമൃത് ഭാരതിലെ സൗകര്യങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച ഏറ്റവുംപുതിയ ശ്രേണിയിലുള്ള ട്രെയിനാണ് അമൃത് ഭാരത് എക്സ്പ്രസ്. പൂര്‍ണമായും നോണ്‍ എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. അതിവേഗത്തിലുള്ള യാത്രയ്ക്കായി പുഷ്പുള്‍ സാങ്കേതികവിദ്യയാണ് അമൃത് ഭാരതിലുള്ളത്. കുലുക്കം കുറയ്ക്കാനായി സെമി പെര്‍മനന്റ് കപ്ലറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ALSO READ: പ്രതീക്ഷയുടെ ഹൃദയതാളം നിലച്ചു; നോവായി ദുര്‍ഗ കാമി

എയര്‍ സ്പ്രിങ് സസ്പെന്‍ഷന്‍ ബോഗികള്‍, ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, കുഷ്യന്‍ സീറ്റുകളും ബെര്‍ത്തുകളും, മൊബൈല്‍ഫോണ്‍ ഹോര്‍ഡറുകള്‍, റീഡിങ് ലൈറ്റുകള്‍, സെന്‍സര്‍ വാട്ടര്‍ ടാപ്പ്, സുരക്ഷ ഉറപ്പാക്കാനായി സിസിടിവി ക്യാമറകള്‍, ബയോ വാക്വം ടോയ്ലെറ്റ് തുടങ്ങിയവയൊക്കെയാണ് അമൃത് ഭാരത് ട്രെയിനുകളുടെ സവിശേഷതകള്‍. ജനറലും സ്ലീപ്പറും അടക്കം ആകെ 22 കോച്ചുകളാണ് ഒരു ട്രെയിനിലുണ്ടാവുക.

Amrith Bharath  സമയക്രമം

മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിന് കഴിഞ്ഞദിവസം റെയില്‍വേ അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളില്‍ രാവിലെ 11.40-ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330)മംഗളൂരു ജങ്ഷനില്‍നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗര്‍കോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊര്‍ണൂര്‍ വഴിയാണ് യാത്ര.

താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളില്‍ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40-ന് പുറപ്പെട്ട് അന്നു രാത്രി 11.45-ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗര്‍കോവില്‍ വഴിയാണ് യാത്ര.

ചര്‍ലപ്പള്ളി-തിരുവനന്തപുരം വണ്ടി(17041) ചര്‍ലപ്പള്ളിയില്‍നിന്ന് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042)ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചര്‍ലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാര്‍പേട്ട, ഗുണ്ടൂര്‍, നല്‍ഗൊണ്ട വഴിയാണ് യാത്ര.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക