മദ്യപിച്ച് ലക്ക് കെട്ട് സൗദിയിലിറങ്ങിയ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത അനുഭവം പങ്കുവച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. അണ്‍ഫില്‍റ്റേഡ് വിത് സംദിഷ് എന്ന പരിപാടിയിലാണ് അനുരാഗ് കശ്യപ് ഈ അനുഭവം പങ്കുവച്ചത്.
|
അഗ്നിപര്‍വതം പൊട്ടി ചാരമുയരുന്നതിനാല്‍ അന്ന് ഡെന്‍മാര്‍ക്കില്‍ നിന്ന് വിമാനങ്ങളുണ്ടായിരുന്നില്ല. അതീവ ക്ഷീണിതനായിരുന്നതിനാല്‍ മദ്യപിച്ചു. പിന്നീട് വിമാനടിക്കറ്റ് എടുത്തു. അഞ്ച് മണിക്കൂര്‍ അവിടെ കാത്തിരിക്കണമായിരുന്നു. ലോഞ്ചില്‍ പോയ ശേഷം വീണ്ടും മദ്യപിച്ചു. മദ്യപിച്ചു ബോധംകെടുകയായിരുന്നു ലക്ഷ്യം. വിമാനത്തില്‍ കയറി ശേഷം ബോധംകെട്ടു. ഈ അവസ്ഥയില്‍ സൗദിയില്‍ വിമാനമിറങ്ങിയ തന്നെ അവര്‍ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. തന്നെ അവര്‍ ചോദ്യം ചെയ്യുകയും ചെയ്തു.
ഭാഗ്യവശാല്‍ കൈയില്‍ ഫോണുണ്ടായിരുന്നതിനാല്‍ ഒപ്പമുണ്ടായിരുന്ന റോണി സ്‌ക്രിവാലയ്ക്ക് മെസേജ് അയച്ചു. ജെറ്റ് എയര്‍വേസ് വിമാനത്തിലായിരുന്നു സൗദിയില്‍ നിന്നു തനിക്കു പോവേണ്ടിയിരുന്നത്. ജെറ്റ് എയര്‍വേസ് അധികൃതര്‍ തന്നെ കൂട്ടാനെത്തുകയും തന്നെ പിടിച്ചുവച്ചിരിക്കുന്നതിനെതിരേ സൗദി ഉദ്യോഗസ്ഥരുമായി വാഗ്വാദം നടത്തുകയും ചെയ്തു.
അനുരാഗ് കശ്യപിനെ കൂടാതെ പറക്കില്ലെന്നു ജെറ്റ് എയര്‍വേസ് ഉദ്യോഗസ്ഥര്‍ ശഠിച്ചു. ജെറ്റ് എയര്‍വേസ് വിമാനം മൂന്നുമണിക്കൂറാണ് തനിക്കുവേണ്ടി സൗദിയില്‍ കാത്തുകിടന്നത്. ഒടുവില്‍ പ്രശ്‌നം തീര്‍പ്പാവുകയും തന്നെ വിട്ടയയ്ക്കുകയും ചെയ്തുവെന്ന് അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍.



