26
Aug 2024
Fri
26 Aug 2024 Fri
AP Aslam holy quran award 2024

മലപ്പുറം: ഖുർആൻ അർഥമറിഞ്ഞ് മനപ്പാഠമാക്കുന്നതിനും സാരമുൾക്കൊണ്ട് പാരായണം ചെയ്യുവാനും മുസ് ലിം സമൂഹത്തെ പ്രചോദിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ വളവന്നൂർ ദാറുൽ അൻസാർ അക്കാദമി നൽകുന്ന എ പി അസ് ലം ഹോളി ഖുർആൻ അവാർഡിന് ഈ വർഷം തുടക്കമാവുന്നു. പ്രവാസി കൂട്ടായ്മകളിലെ സജീവ സാന്നിധ്യവും ഇന്ത്യയിലെയും യുഎഇയിലെയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മത, രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവുമായിരുന്ന എ പി മുഹമ്മദ് അസ് ലമിന്റെ നാമധേയത്തിലുള്ളതാണ് പുരസ്കാരം. ഒന്നാം സമ്മാനം പത്തു ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഫൈനലിൽ എത്തുന്നവർക്കെല്ലാം പ്രോൽസാഹ​നസമ്മാനമായി ക്യാഷ് പ്രൈസ് നൽകും. സമ്മാനങ്ങൾക്കു മാത്രമായി 20 ലക്ഷം രൂപയാണ് ഈവർഷം ചെലവഴിക്കുകയെന്നും കമ്മിറ്റി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖുർആൻ പൂർണമായും മനപ്പാഠമാക്കിയവരും തജ് വീദ് നിയമങ്ങൾ പാലിച്ചുകൊണ്ട് പാരായണം ചെയ്യാൻ കഴിയുന്നവരും ആദ്യത്തെ അഞ്ച് ജുസ്ഉകളുടെയും അവസാനത്തെ അഞ്ചു ജുസ്ഉകളുടെയും ആശയം മനസ്സിലാക്കിയിട്ടുള്ളവരുമായ മലയാളികളായ ആൺകുട്ടികൾക്കു വേണ്ടിയാണ് മൽസരം. രണ്ടു ഘട്ടങ്ങളിൽ നടത്തുന്ന മൽസരത്തിൽ നിന്നാണ് ജേതാവിനെ തിരഞ്ഞെടുക്കുക.

22 വയസ് വരെയുള്ളവർക്ക് മൽസരത്തിൽ പങ്കെടുക്കാം. www.aslamquranaward.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. കേരളത്തിൽ കൊല്ലം, എറണാകുളം, മലപ്പുറം കണ്ണൂർ എന്നിങ്ങനെ നാല് മേഖലകളിലായും ​ഗൾഫ് നാടുകളിൽ ജിദ്ദ, ദുബൈ, ദോഹ, ബഹ്റയിൻ, മസ്കത്ത്, കുവൈറ്റ് എന്നിങ്ങനെ ആറ് മേഖലകളിലുമായാണ് പ്രാഥമിക മൽസരം നടക്കുക. ഈ മേഖലാതല മൽസരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ 2024 ഡിസംബർ 24ന് മലപ്പുറം ജില്ലയിലെ വളവന്നൂരിൽ നടക്കുന്ന ഫൈനൽ മൽസരത്തിൽ മാറ്റുരയ്ക്കും.

എ പി അസ് ലം ഹോളി ഖുർആൻ അവാർഡ് എല്ലാവർഷവും നൽകുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും വളവന്നൂർ ദാറുൽ അൻസാർ അക്കാദമി ചെയർമാനുമായ എ പി അബ്ദുസമ്മദ് പറഞ്ഞു.
അവാർഡിന്റെ ലോ​ഗോ പ്രകാശനം പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എ പി അബ്ദുസ്സമദ്, എ പി ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുകയുണ്ടായി .