30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
roomindo app findmyhostel

കൊച്ചി: പുതിയ സ്ഥലത്ത് കോളജില്‍ ചേരുന്നവര്‍ക്കും ജോലി കിട്ടി മറ്റൊരിടത്തേക്ക് മാറുന്നവര്‍ക്കും ഒരു പ്രധാന പ്രശ്‌നമാണ് അനുയോജ്യമായ ഹോസ്റ്റല്‍ മുറി. സന്ദര്‍ശകര്‍ക്ക് ചുരുങ്ങിയ ദിവസത്തേക്ക് ലഭിക്കുന്ന ഹോട്ടല്‍ മുറികള്‍ കണ്ടെത്താന്‍ ഇഷ്ടം പോലെ ഓണ്‍ലൈന്‍ സംവിധാനമുണ്ടെങ്കിലും ചുരുങ്ങിയ ചെലവില്‍ ഹോസ്റ്റല്‍ സൗകര്യം കണ്ടെത്താന്‍ ഇപ്പോഴും ഇടനിലക്കാരെ ആശ്രയിക്കണം. ( app-to-find-and-rent-out-bed-space )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ഒരു പ്രയാസം പരിഹരിക്കുക ലക്ഷ്യമിട്ടാണ് മലപ്പുറം സ്വദേശിയും ബംഗളൂരുവില്‍ ഐടി പ്രൊഫഷനുമായിരുന്ന വി.പി. ഷിയാസും സുഹൃത്തുക്കളും ചേര്‍ന്ന് findmyhostel.in എന്ന വെബ്‌സൈറ്റും Roomindo എന്ന പേരില്‍ ആപ്പും വികസിപ്പിച്ചത്. 2018ലാണ് ഇന്‍ഫോ പാര്‍ക്കില്‍ ജോലി കിട്ടി ഷിയാസ് കൊച്ചിയിലെത്തിയത്. സുരക്ഷിതവും അനുയോജ്യവുമായ ഒരു താമസസ്ഥലം തേടി ഒരു മാസത്തോളം അദ്ദേഹത്തിന് അലയേണ്ടിവന്നു. ഇങ്ങിനെ ഹോസ്റ്റല്‍ തേടുന്നവര്‍ക്ക് ഒരു ഓണ്‍ലൈന്‍ സംവിധാനമെന്ന ആശയം മനസ്സിലുദിക്കുന്നത് അങ്ങിനെയാണ്. തുടര്‍ന്ന് പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജിലെ തന്റെ സഹപാഠികളും സുഹൃത്തുക്കളുമായ ഹന്‍സാല്‍ സലിം, ജിതിന്‍ ബാബു എന്നിവരുമായി ഇക്കാര്യം അദ്ദേഹം സംസാരിക്കുകയും ചെയ്തു.

താമസസ്ഥലം കണ്ടെത്താന്‍ ഒരു ആപ്പ് എന്നതായിരുന്നു ആ പരിഹാരം. കൊച്ചി ആസ്ഥാനമാക്കി അവരൊരു സ്റ്റാര്‍ട്ട്-അപ്പ് കമ്പനി ആരംഭിക്കുകയും അനുയോജ്യമായ താമസസ്ഥലം തേടുന്നവര്‍ക്കായി ഒരു ആപ്പ് വികസിപ്പിച്ചെടുക്കുകയും ചെയ്തു. findmyhostel.in എന്ന പേരില്‍ ഒരു ലിസ്റ്റിങ് ആപ്ലിക്കേഷനാണ് ആദ്യം ആരംഭിച്ചത്. മൊബൈല്‍ വഴിയും വെബ്സൈറ്റ് വഴിയും പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ടൂളുകള്‍ക്കൊപ്പം ഹോസ്റ്റലുകളുടെയും പേയിങ് ഗസ്റ്റ് സൗകര്യങ്ങളുടെയും ലിസ്റ്റുകള്‍ ഈ ആപ്പിലൂടെ കണ്ടെത്താനാകും.

കമ്പനി ജീവനക്കാര്‍ പ്രോപ്പര്‍ട്ടിയില്‍ നേരിട്ട് പോയി അവിടുത്തെ സൗകര്യങ്ങള്‍ മനസിലാക്കിയാണ് വിവരങ്ങള്‍ പ്ലാറ്റ്ഫോഫോമില്‍ നല്‍കുന്നത്. ഹോസ്റ്റലിലാണെങ്കിലും പേയിങ് ഗസ്റ്റ് സൗകര്യങ്ങളിലാണെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങളുണ്ടോയെന്ന് ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കുന്നു. അതുപോലെ വിവരങ്ങള്‍ കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ഈ ആപ്പ് താമസസ്ഥലം നടത്തിപ്പുകാരെയും സഹായിക്കുന്നു.

ഷിയാസ് സിഇഒയും ഹന്‍സാല്‍ സിടിഒയും ജിതിന്‍ സിഒഒയും ആയി ബോധി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന രജിസ്റ്റേര്‍ഡ് കമ്പനിക്ക് കീഴില്‍ പത്ത് പേരടങ്ങുന്ന ഒരു ടീമാണ് ഫൈന്‍ഡ് മൈ ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റുകള്‍, വിവിധ ഹോസ്റ്റല്‍ ഉടമകള്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. മെസ് സര്‍വീസ്, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍, ക്ലീനിങ്, തുണിയലക്ക് എന്നിങ്ങനെ സേവന രംഗത്തുള്ളവര്‍ക്ക് ഒരു വിപണി സൗകര്യവും ഈ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ പ്രതിമാസം പതിനായിരത്തോളം ഉപയോക്താക്കളാണ് ഈ ആപ്പ് ഉപയോഗിക്കുകയും സേവനങ്ങള്‍ തേടുകയും ചെയ്യുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കോയമ്പത്തൂര്‍, തൃശ്ശിനാപ്പിള്ളി എന്നീ ഏഴ് നഗരങ്ങളിലായി ലിസ്റ്റ് ചെയ്തിരിക്കുന്ന ആയിരത്തിലധികം ഹോസ്റ്റലുകളില്‍ ഒരു ലക്ഷത്തിലേറെ ബെഡ് സ്പേസുകളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ഒരു ഹോസ്റ്റലില്‍ താമസം തുടങ്ങി അവിടെ നിന്നും ഒഴിയുന്നത് വരെയുള്ള കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാടക അടയ്ക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സേവനങ്ങളും നല്‍കാന്‍ Roomindo എന്ന ആപ്പിലൂടെ ഇവര്‍ ലക്ഷ്യമിടുന്നു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement