16
Sep 2023
Sat
16 Sep 2023 Sat

അരീക്കോട്: ഏറെ ഗതാഗത തിരക്കുള്ള എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലേക്കുള്ള അരീക്കോട് ബസ് സ്റ്റാന്‍ഡ് ബൈപാസ് റോഡായ ഡോക്‌റ്റേഴ്‌സ് റോഡ് തകര്‍ന്നു. സ്റ്റാന്‍ഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെ അരീക്കോട് ഗ്രാമപ്പഞ്ചായത്തിനു കീഴിലാണെന്നും വര്‍ഷങ്ങളായി റോഡ് തകര്‍ന്നിട്ടും പഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയാണെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിദിനം അഞൂറിലേറെ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളും തകര്‍ന്ന നിലയിലാണ്. റോഡിലേക്ക് ഇറക്കി വച്ച രീതിയിലുള്ള നിര്‍മിതികളും കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമാകുന്നുണ്ട്. ഇവിടെ തന്നെയാണ് ഓട്ടോകള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചത്. ഇതിനിടെ വാട്ടര്‍ അതോറിറ്റിയുടെ ക്വാറി വേസ്റ്റ് റോഡരികില്‍ നിക്ഷേപിച്ചത് മാറ്റാത്തത് ബസ്സുകള്‍ക്ക് തടസ്സമാകുന്നുണ്ട്. ഡ്രെയിനേജിലേക്ക് സ്റ്റാന്‍ഡില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന രീതിയില്‍ റോഡ് ക്രമപ്പെടുത്തിയാല്‍ മഴക്കാലത്ത് തകര്‍ച്ച ഒഴിവാക്കാന്‍ കഴിയും. നിലവില്‍ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.

വിഷയം അരീക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് അടിയന്തര നടപ്പടി ഉണ്ടാകുമെന്നും ബസ്സ്റ്റാന്‍ഡില്‍ മാലിന്യ നിക്ഷേപത്തിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തുടര്‍നടപടി അടിയന്തരമായി സ്വീകരിക്കാതിരുന്നാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ പരാതി സമര്‍പ്പിക്കുമെന്നും കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അരീക്കോട് മേഖലാ റോഡ് സുരക്ഷാ ഭാരവാഹികള്‍ പറഞ്ഞു.