കേരള പോലീസിനെ വട്ടം കറക്കിയ അര്‍ജുന്‍ ആയങ്കി ഒടുവില്‍ വലയിലായത് ഓട്ടോ ഡ്രൈവര്‍ നല്‍കിയ നിര്‍ണായക വിവരത്തില്‍. കാര്‍ ഉപേക്ഷിച്ച് ഓട്ടോയിലാണ് അര്‍ജുന്‍ ആയങ്കി കണ്ണൂര്‍ നഗരത്തിലെ അഭിഭാഷകയുടെ ഫ്‌ലാറ്റിലെത്തിയത്. മുഖസാദൃശ്യത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
|
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഓട്ടോയില്‍ വന്നത് അര്‍ജുന്‍ ആയങ്കിയെന്ന് ഉറപ്പിച്ചു. പഴുതുകളെല്ലാം അടച്ച് പുലര്‍ച്ചെ രണ്ടു മണിയോടെ അഭിഭാഷകയുടെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അര്‍ജുന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങള്‍ മാത്രമാണെന്നും അറസ്റ്റിന് പിന്നാലെ അര്‍ജുന്‍ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു. കീഴടങ്ങാനുള്ള ഉദ്ദേശത്തിലല്ല കണ്ണൂരില്‍ എത്തിയതെന്നും അര്‍ജുന്‍ അവകാശപ്പെട്ടു. കടലില്‍ കാണാതായവരെ കിട്ടിയോ എന്ന് പരിഹാസ രൂപേണ ചോദിക്കാനും. ്അര്‍ജുന്‍ മറന്നില്ല. കാണാതായ മല്‍സ്യത്തൊഴിലാളിയുടെ ബോട്ടില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനകം പോലീസ് അദ്ദേഹത്തെ കണ്ടെത്തിയേനേ എന്ന് നേരത്തേ അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിരുന്നു.
ALSO READ: അര്‍ജുന്‍ ആയങ്കിയെ പോലീസ് തൂക്കി; രക്ഷപ്പെടാന്‍ ശ്രമിക്കവേ പോലീസ് ഓടിച്ചിട്ട് പിടികൂടി
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച അര്‍ജുന്‍ കൂളായാണ് പൊലീസുകാരോടും മറ്റും ഇടപെട്ടത്. സ്റ്റേഷനിലെത്തിയ പത്രങ്ങളെല്ലാം വായിക്കുന്നുണ്ടായിരുന്നു. ഇത് പകര്‍ത്താന്‍ ശ്രമിച്ച ക്യാമറകളോട് മുഖം തിരിച്ചുമില്ല.
വൈഫൈ കോളിങ്ങും ഐപി മാസ്‌കിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് അര്‍ജുന്‍ പോലീസിന് പിടികൊടുക്കാതെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നത്. ഇന്റര്‍നെറ്റ് ലൊക്കേഷന്‍ വഴി പൊലീസിനെ തെറ്റായ വഴികളിലേക്ക് തിരിച്ചുവിടാന്‍ അര്‍ജുന്‍ ആയങ്കിക്ക് സാധിച്ചു. ടവര്‍ ലൊക്കേഷനുകള്‍ മാറ്റിമറിച്ചും ഒളിവില്‍ കഴിയുന്നതിനിടയില്‍ വാഹനങ്ങള്‍ നിരന്തരം മാറ്റിയും പൊലീസിനെ വട്ടംകറക്കി.
അര്‍ജുനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ അഖിലിനെ തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രപരിസരത്തുനിന്നും, സുഹൃത്തുക്കളായ സൗദ്, ഇസ്മായില്‍ എന്നിവരെ കൊച്ചിയില്‍ നിന്നും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കോതമംഗലത്തിനു സമീപം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘം ചേര്‍ന്നെന്ന സംശയത്തില്‍ അര്‍ജുന്‍ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിനു നേതൃത്വം നല്‍കിയ കോതമംഗലം ഇന്‍സ്പെക്ടര്‍ക്കെതിരെയും ഊന്നുകല്‍ എസ്എച്ച്ഒയ്ക്ക് എതിരെയും ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിനു പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിക്കുന്നത് തുടര്‍ന്നതാണ് നിലവിലെ അറസ്റ്റിനു പിന്നിലെ കാരണം.
അര്‍ജുന്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റി ഗുണ്ടകളെ അകത്താക്കുന്നതിന് ഓപ്പറേഷന്‍ ഗ്രിപ്പ് എന്ന പേരില്‍ പോലീസ് 48 മണിക്കൂര്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അര്‍ജുനെ പിടികൂടുക എന്നത് അഭിമാന പ്രശ്‌നമായി കണക്കിലെടുത്തതോടെയാണ് പഴുതടച്ച അന്വേഷണത്തിനൊടുവില്‍ വലയില്‍ വീണത്. അതിനിടെ ആവശ്യമെങ്കില്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയക്കാന്‍ ഉത്തരവിട്ടതായും വാര്‍ത്തകള്‍ പരന്നിരുന്നു.
Tags: Arjun Ayanki, Arjun Ayanki Arrest, Kannur Police, Operation Grip, Kerala Police, Cyber Patrol, Crime News Kerala, ADGP P Vijayan
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



