08
Mar 2023
Sun
08 Mar 2023 Sun

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായത് 16,649 പ്രവാസികൾ. താമസ, വിസാ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജൻസികൾ നടത്തിയ തിരച്ചിലിലാണ് ഇത്രയും പേർ പിടിയിലായതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പം വിവിധ നിയമ ലംഘനങ്ങൾക്ക് നേരത്തേ പിടികൂടപ്പെട്ട് ഡീപ്പോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 12,765 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സൗദിയിൽ നിന്ന് നാടുകടത്തിയതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

മതിയായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാൻ ശ്രമിക്കവെ 68 പേരെയും അതിർത്തി രക്ഷാ സേന കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനിൽക്കുന്നവരെയും 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിലവിൽ രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 15,782 പ്രവാസികൾ നാടുകടത്തപ്പെടുന്നതും കാത്ത് കഴിയുന്നുണ്ട്. വിവിധ നിയമലംഘനങ്ങളുടെ പേരിൽ അടുത്ത കാലത്തായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടപ്പെട്ടവരാണ് ഇവരിൽ ഭൂരിപക്ഷവും. ഇങ്ങനെ ഡീപ്പോർട്ടേഷൻ കേന്ദ്രങ്ങളിൽ കഴിയുന്നവരിൽ 13,415 പേർ പുരുഷന്മാരും 2,367 പേർ സ്ത്രീകളുമാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് സൗദിയിൽ താമസിച്ചതിനാണ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളിൽ ഏറ്റവും കൂടുതൽ പ്രവാസികൾ പിടിയിലായത്. ഇവരിൽ 45 ശതമാനം പേർ യമനികളും ബാക്കി മൂന്നു ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. ഇത്തരം അനധികൃത താമസക്കാരെയും നിയമ ലംഘകരെയും കുറിച്ച് വിവരമുള്ളവർ സുരക്ഷാ ഏജൻസികൾക്ക് വിവരം കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.