ആലുവയില്‍ നിന്ന് 12കാരിയെ കടത്തിക്കൊണ്ടുപോയ മയക്കുമരുന്ന് കേസിലെ പ്രതിയായ 25കാരന്‍ റിമാന്‍ഡില്‍. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന്‍ തറ വീട്ടില്‍ അഭിജിത്തിനെയാണ് (25) പോക്‌സോ, തട്ടിക്കാണ്ടു പോകല്‍ വകുപ്പുകള്‍ അടക്കം ചുമത്തി റിമാന്‍ഡ് ചെയ്തത്. 2023ല്‍ ഓച്ചിറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലഹരി കേസിലെ പ്രതിയാണ് അഭിജിത്. ചെറായി അടക്കം സമീപ പ്രദേശങ്ങളിലെ ബീച്ചുകളില്‍ ഐസ്‌ക്രീം വ്യാപാരം നടത്തുകയാണ് ഇയാള്‍.
|
പെണ്‍കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെക്കുറിച്ചു വിവരം ലഭിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. രഹസ്യമൊഴിയെടുത്ത ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആലുവ കരുമാലൂര്‍ സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂട്ടുകാരിയില്‍ നിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞുപോയ പെണ്‍കുട്ടി വൈകിയിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലുവ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മയുടെ മൊബൈല്‍ ഫോണുമെടുത്തായിരുന്നു പെണ്‍കുട്ടി പോയത്.
അഭിജിത്തിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി ഈ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്ക് ഫോണ്‍ ഓണ്‍ ആക്കിയപ്പോള്‍ മൊബൈലിന്റെ ലൊക്കേഷന്‍ കാസര്‍കോട്, മംഗലാപുരം, മുംബൈയിലെ ധാരാവി എന്നിവിടങ്ങളിലായി സൈബര്‍ പോലീസിനു ലഭിച്ചു. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് യുവാവുമായി അടുപ്പമുണ്ടെന്നത് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരും പൂണെ ഭാഗത്തേക്കാണ് പോകുന്നതെന്നു മനസിലാക്കിയതും നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ നിന്ന് ഇരുവരെയും കണ്ടെത്തിയതും.
ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. അഭിജിത്തിന്റെ സുഹൃത്ത് ഡല്‍ഹിയില്‍ ഉണ്ടെന്ന് പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് എന്നാണ് വിവരം. ഡല്‍ഹിയിലുള്ള സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കാര്‍ മാര്‍ഗം പൂണെയില്‍ നിന്ന് പുറപ്പെട്ട എസ്‌ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെയാണ് ആലങ്ങാട് തിരിച്ചെത്തിയത്.
ALSO READ: മൂന്നു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


