|
പത്തൊന്‍പതാമത് ഏഷ്യന്‍ ഗെയിംസില്‍ തങ്ങളുടെ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കളത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ചൈനയുമായി നടന്ന പോരാട്ടത്തില്‍, ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിനെത്തിയ ഇന്ത്യ തോല്‍വി അറിഞ്ഞത്. രാഹുല്‍ കെപി ഇന്ത്യയുടെ ഒരേയൊരു ഗോള്‍ കണ്ടെത്തി. ബംഗ്ലാദേശ്, മ്യാന്മാര്‍ എന്നിവരെയാണ് ഇന്ത്യ തുടര്‍ന്ന് നേരിടാന്‍ ഉള്ളത്.
സീനിയര്‍ താരങ്ങള്‍ ആയ ഛേത്രിയേയും ജിങ്കനെയും ആദ്യ ഇലവനില്‍ അണി നിരത്തിയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. രാഹുല്‍ കെപി മധ്യനിരയില്‍ എത്തി. കൃത്യമായ പരിശീലന സെഷന്റെ അഭാവം ഇന്ത്യയുടെ പ്രകടനത്തില്‍ നിഴലിച്ചു. പ്രമുഖ താരങ്ങള്‍ ഒന്നും ഇല്ലാതെ എത്തിയിട്ടും പലപ്പോഴും മികച്ച നീക്കങ്ങള്‍ മേനഞ്ഞെടുക്കാനും ടീമിനായി. ആറാം മിനിറ്റില്‍ തന്നെ ഒരു ഹെഡര്‍ അവസരം സേവ് ചെയ്തു കൊണ്ട് ഗുര്‍മീത് ഇന്ത്യയുടെ രക്ഷക്കെത്തി. എതിര്‍ താരത്തില്‍ നിന്നും പന്ത് കൈക്കലാക്കി ഛേത്രി സൃഷ്ടിച്ച അവസരത്തില്‍ പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഷോട്ട് ലക്ഷ്യം കണ്ടില്ല. 16ആം മിനിറ്റില്‍ ചൈന ലീഡ് എടുത്തു. കോര്‍ണറില്‍ നിന്നും ആദ്യ ഹെഡര്‍ ശ്രമം പാളി പന്ത് ഗവോ ത്യാന്‍യിയുടെ കാലുകളില്‍ എത്തിയപ്പോള്‍ താരത്തിന്റെ ശക്തിയേറിയ ഷോട്ട് വലയില്‍ പതിച്ചു. ഇതോടെ ഇന്ത്യ കൂടുതല്‍ ഉണര്‍ന്നു കളിച്ചു.
ഗുര്‍മീതിന്റെ ഫൗളില്‍ റഫറി ചൈനക്ക് പെനാല്‍റ്റി അനവധിച്ചു. എന്നാല്‍ തകര്‍പ്പന്‍ സേവുമായി ചൈനീസ് ക്യാപ്റ്റന്‍ സൂ ചെഞ്ചിയുടെ ഷോട്ട് തടുത്ത് ഗുര്‍മീത് തന്നെ രക്ഷക വേഷവും അണിഞ്ഞു. ഛേത്രിയുടെ പാസില്‍ നിന്നും റഹീം അലിയും അവസരം കളഞ്ഞു കുളിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ രാഹുല്‍ കെപിയുടെ വ്യക്തിഗത മികവിലൂടെ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. വലത് വിങ്ങില്‍ മൈതാന മധ്യത്ത് നിന്നും ഉയര്‍ത്തി നല്‍കിയ പാസിലേക്ക് കുതിച്ച മലയാളി താരം ബോക്‌സിനുള്ളില്‍ പന്ത് നിയന്ത്രണത്തില്‍ ആക്കാന്‍ പോലും ശ്രമിക്കാതെ ദുഷകരമായ ആംഗിളില്‍ നിന്നും തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ചൈനീസ് കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ പതിച്ചു. ഇതോടെ സ്‌കോര്‍ തുല്യ നിലയില്‍ ആയി ആദ്യ പകുതി അവസാനിച്ചു.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോളുകള്‍ കണ്ടെത്തി കൊണ്ട് ചൈന മത്സരം കൈക്കലാക്കി. അന്‍പതാം മിനിറ്റില്‍ ഡായ് വെയ്ജുനിന്റെ ലോങ് റേഞ്ചര്‍ ശ്രമം ഗുര്‍മീത്തിനെ കീഴടക്കി വലയില്‍ പതിച്ചു. 71ആം മിനിറ്റില്‍ ക്വിയാങ്‌ലോങ് ചൈനയുടെ ലീഡ് വര്‍ധിപ്പിച്ചു. വാങ് ഹൈജനിന്റെ ആദ്യ ഷോട്ട് കീപ്പര്‍ തടുത്തെങ്കിലും ഓടിയെത്തിയ താരം ലക്ഷ്യം കാണുകയായിരുന്നു.
നാല് മിനിറ്റിനു ശേഷം ജിങ്കന്റെ പിഴവില്‍ നിന്നും ലഭിച്ച അവസരവും ചൈന മുതലെടുത്തു. പന്ത് കൈക്കലാക്കിയ പെങ് നല്‍കിയ പാസില്‍. നിന്നും ക്വിയാങ്‌ലോങ് തന്നെയാണ് ഇത്തവണയും ലക്ഷ്യം കണ്ടത്. നാലാം ഗോള്‍ വഴങ്ങി എങ്കിലും തോല്‍വി ഭാരം കുറക്കാന്‍ തിരിച്ചടിക്കാന്‍ തന്നെ ആയിരുന്നു ഇന്ത്യയുടെ ശ്രമം. എന്നാല്‍ ഇഞ്ചുറി സമയത്ത് ചൈന അഞ്ചാം ഗോളും കണ്ടെത്തി. ത്രൂ ബോള്‍ പിടിച്ചത് ബോക്‌സിന്റെ വലത് ഭാഗത്ത് നിന്നും ഫാങ് ആണ് വല കുലുക്കിയത്.


