24
Sep 2025
Wed
24 Sep 2025 Wed

ലഖ്‌നൗ: അയോദ്ധ്യയിൽ ബാബരി മസ്ജിദിനു പകരം മുസ്ലിംകൾക്ക് അനുവദിച്ച അഞ്ചു ഏക്കർ ഭൂമിയിലെ പള്ളി നിർമാണം നീളുന്നു. നിർമാണത്തിനുള്ള അനുമതി അപേക്ഷ അയോദ്ധ്യ മുനിസിപ്പാലിറ്റി തള്ളിയതോടെ ആണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധന്നിപൂർ ഗ്രാമത്തിൽ പള്ളി നിർമ്മിക്കാനുള്ള പദ്ധതി അയോധ്യ വികസന അതോറിറ്റി നിരസിച്ചു വെന്നും ഉത്തർപ്രദേശ് സർക്കാർ വകുപ്പുകളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (NOC ) നൽകിയിട്ടില്ലെന്നും വിവരാവകാശ ചോദ്യത്തിന് നൽകിയ മറുപടിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

2019 നവംബർ 9 ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ സുപ്രീം കോടതി വിധിക്ക് അനുസൃതമായാണ് പള്ളി നിർമ്മിക്കുക. ബാബരി ഭൂമി രാമക്ഷേത്ര നിർമ്മാണത്തിനായി സർക്കാർ നടത്തുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

അയോധ്യയിലെ ബാബറി മസ്ജിദ് 1992 ഡിസംബർ 6ന് ഹിന്ദു തീവ്രവാദികൾ തകർക്കുകയും അവിടെ ഒരു പുരാതന രാമക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത കേസിൽ ആണ് 2019 നവംബർ 9 ന് സുപ്രീം കോടതി വിധി പറഞ്ഞത്. എന്നാൽ ബാബരി ഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2024 ജനുവരിയിൽ പ്രതിഷ്ഠ നടന്നു. അതേസമയം അത് കഴിഞ്ഞു 20 മാസം പിന്നിടുമ്പോൾ ആണ് മുസ്ലിംകൾക്ക് അനുവദിച്ച ഭൂമിയിൽ പള്ളി നിർമ്മിക്കാനുള്ള പ്രാഥമിക നടപടി ആയ അപേക്ഷ പോലും ലഭിക്കാത്തിരുന്നത്.

 

അയോധ്യ പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൊഹാവൽ തെഹ്സിലിലെ ധന്നിപൂർ ഗ്രാമത്തിലെ ഒരു ഭാഗം ഭൂമി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് പള്ളി നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്.

പൊതുമരാമത്ത്, മലിനീകരണ നിയന്ത്രണം, സിവിൽ ഏവിയേഷൻ, ജലസേചനം, റവന്യൂ, മുനിസിപ്പൽ കോർപ്പറേഷൻ, ഫയർ സർവീസസ് തുടങ്ങിയ വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ 2021 ജൂൺ 23 ന് സമർപ്പിച്ച മസ്ജിദ് ട്രസ്റ്റിന്റെ അപേക്ഷ നിരസിച്ചതായി പത്രപ്രവർത്തകൻ ഓം പ്രകാശ് സിംഗിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.

വികസന അതോറിറ്റിയുടെ കത്ത് സെപ്റ്റംബർ 16-ലെതാണെന്ന് പി. ടി. ഐ റിപ്പോർട്ട് ചെയ്തു.

പദ്ധതിയുടെ അപേക്ഷാ ഫീസായും സൂക്ഷ്മപരിശോധന ഫീസായും പള്ളി ട്രസ്റ്റ് ഏകദേശം 4 ലക്ഷം രൂപ നിക്ഷേപിച്ചതായും വിവരാവകാശ മറുപടിയിൽ പറയുന്നു.

അപേക്ഷ തള്ളിയതിനെ ക്കുറിച്ച് ട്രസ്റ്റിന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മസ്ജിദ് ട്രസ്റ്റ് സെക്രട്ടറി അതർ ഹുസൈൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പള്ളിയിലേക്കുള്ള അപ്രോച്ച് റോഡിന് കുറഞ്ഞത് 12 മീറ്റർ വീതിയുണ്ടാകണമെന്ന് ഫയർ ഡിപ്പാർട്ട്മെന്റ് സൈറ്റ് പരിശോധനയിൽ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഈ സ്ഥലത്തെ റോഡിന് ആറ് മീറ്റർ വീതിയും പള്ളിയിലേക്കുള്ള പ്രധാന വഴിയിൽ നാല് മീറ്റർ വരെ ഇടുങ്ങിയതും മാത്രമാണുള്ളതെന്ന് ഹുസൈൻ പറഞ്ഞു.

ഫയർ ഡിപ്പാർട്ട്മെന്റിന്റെ എതിർപ്പല്ലാതെ മറ്റ് വകുപ്പുകളുടെ എതിർപ്പുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ayodhya mosque plan rejected by development body due to pending clearances