ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് കര്‍ശന വിലക്ക്. (Ayodhya Ram temple leakage; mobile phone banned and yellow color uniform for priests) ക്ഷേത്ര പുരോഹിതര്‍ കാവിക്ക് പകരം കടും മഞ്ഞ നിറത്തിലുള്ള തലപ്പാലും കുര്‍ത്തയും ദോത്തിയും ധരിക്കണമെന്നാണ് ക്ഷേത്രസമിതി പുതുതായി പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നത്.
|
സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് മൊബൈല്‍ ഫോണ്‍ ക്ഷേത്രത്തിനകത്ത് കൊണ്ടുവരുന്നത് തടഞ്ഞതെന്നാണ് ക്ഷേത്ര ട്രസ്റ്റ് അവകാശപ്പെടുന്നത്. അതേസമയം ക്ഷേത്രത്തിലെ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നിയന്ത്രണം എന്നതാണ് ശ്രദ്ധേയം.
പ്രതിഷ്ഠ കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടായത് വലിയ വിവാദമായിരുന്നു. ചോര്‍ച്ചയുടെ ഫോട്ടോകളും വീഡിയോകളും മറ്റും പുറത്തുവരികയും ചെയ്തു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച ഉണ്ടാവുകയും ക്ഷേത്ര വഴിയില്‍ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്‍ന്റ് എഞ്ചിനീയര്‍ അനൂജ് ദേശ്വാള്‍, ജൂനിയര്‍ എഞ്ചിനീയര്‍ പ്രഭാത് പാണ്ഡെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആനന്ദ് കുമാര്‍ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എഞ്ചിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്നു ചോര്‍ച്ച ആരോപിച്ച് രംഗത്തെത്തിയത്.
രാമക്ഷേത്രത്തിലെ പുരോഹിതന്മാരുടെ വസ്ത്രധാരണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യപുരോഹിതനും നാല് സഹായികളും 10 ട്രെയിനികളും അടക്കം എല്ലാവരും കടും മഞ്ഞ നിറത്തിലുള്ള തലപ്പാവും കുര്‍ത്തയും ദോത്തിയും ധരിക്കണം. രാമക്ഷേത്രത്തിലെ അസിസ്റ്റന്റ് പുരോഹിതനെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. നേരത്തെ ചിലര്‍ കാവിയും ചിലര്‍ മഞ്ഞ വസ്ത്രങ്ങളുമായിരുന്നു ധരിച്ചിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





