വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ കലിഗ്രാഫി ആര്‍ട്ട് വര്‍ക്കില്‍ അന്താരാഷ്ട്ര അംഗീകാരം നേടി ശ്രദ്ധ നേടുകയാണ് ആമിന. രണ്ടു മീറ്റര്‍ ഉയരത്തിലും ഒരു മീറ്റര്‍ വീതിയിലുമുള്ള പശ്ചാത്തലത്തില്‍ വിശുദ്ധ ഖുര്‍ആന്‍ കൈയക്ഷരവും കലിഗ്രഫിയും രചിച്ചതിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുകയാണ് ബാലരാമപുരം സ്വദേശിയായ വിദ്യാര്‍ഥിനി ആമിനാ മുഹമ്മദ്. ഏറ്റവും വലുപ്പത്തിലുള്ള ഖുര്‍ആന്‍ കൈയക്ഷരത്തിലുള്ള ആര്‍ട്ട് വര്‍ക്ക് ചെയ്ത, ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കുള്ള ഇന്റര്‍നാഷനല്‍ ബുക് ഓഫ് റെക്കാര്‍ഡ്സ് ബഹുമതിയാണ് ആമിനാ മുഹമ്മദിനെത്തേടിയെത്തിയത്. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കി മെഡിക്കല്‍ പഠനത്തിനായി തയ്യാറെടുക്കുകയാണ് ആമിന.
|
കൊറോണ വ്യാപനം സൃഷ്ടിച്ച ലോക്ക്ഡൗണ്‍ കാലം പ്രയോജനപ്പെടുത്താനാണ് ആമിന കലിഗ്രഫ്രി പരിശീലിച്ചു തുടങ്ങിയത്. അറബി കലിഗ്രാഫി കലാരംഗത്ത് ഏറെ ശ്രദ്ധേയമായിത്തീര്‍ന്ന ആമിനയുടെ കിസ് വ വര്‍ക്ക് ലോകപ്രശസ്തനായ സിംബാബ്വേ ഇമാം മുഫ്തി ഇസ്മായില്‍ മേങ്ക് തന്റെ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുത്തിയതോടെ ആമിനയും കിസ് വ കലിഗ്രഫിയും വൈറലായി. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ളയാളാണ് മുഫ്തി ഇസ്മായില്‍ മേങ്ക്.
കഅ്ബയുടെ മേല്‍ അണിയുന്ന പ്രത്യേക വസ്ത്രമാണ് കിസ് വ . കിസ് വ മാതൃകയില്‍ വരച്ച തന്റെ കലിഗ്രഫി വര്‍ക്ക് തുര്‍ക്കി – സിറിയ ഭൂകമ്പ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ചാരിറ്റി കലക്ഷന് ആമിന സംഭാവന നല്‍കിയിരുന്നു. മുഫ്തി ഇസ്മായില്‍ മേങ്കിന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ 12000 യൂറോക്കാണ് അത് ലേലത്തില്‍ വിറ്റു പോയത്.
ജിദ്ദയില്‍ സിഗാല കമ്പനി ഉദ്യോഗസ്ഥന്‍ മുഹമ്മദ് ബൈജുവിന്റേയും ശാലത്ത് മുഹമ്മദിന്റേയും മകളാണ് ആമിന.അസ്ന സഹോദരി. ഇന്റര്‍നാഷനല്‍ ബുക് ഓഫ് റെക്കാര്‍ഡ്സ് ബഹുമതിപത്രം അടുത്ത് തന്നെ ഏറ്റുവാങ്ങാനാകുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ ഇ മെയില്‍ വഴി ആമിനയെ അറിയിച്ചു.


