|
മുനിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് മത്സരം സമനിലയില്‍. ഇരുടീമുകളും ഈരണ്ടു ഗോളുകള്‍ വീതം നേടി പിരിഞ്ഞു. ബയേണിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന കളിയില ആധിപത്യം ബയേണിനായിരുന്നുവെങ്കിലും റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുക്കുകയായിരുന്നു. റയലിന് വേണ്ടി വിനിഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടി. 24-ാം മിനിറ്റിലും 83-ാം (പെനാൽറ്റി) മിനിറ്റിലുമായിരുന്ന് വിനിഷ്യസിന്റെ ഗോളുകള്‍.
ബയേണിന് വേണ്ടി ലിറോയ്‌സന്‍, ഹാരി കെയ്ന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ലിറോയ് സന്‍ 53-ാം മിനിറ്റിലും ഹാരി കെയ്ന്‍ 57-ാം മിനിറ്റിലുമാണ് വല കുലുക്കിയത്. ഹാരി കെയ്‌ന്റെ ഗോള്‍ പെനാല്‍റ്റിയിലൂടെയാണ്. ബയേണിന്റെ മുസിയാലയെ റയല്‍ താരം വാസ്‌ക്വസ് ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. ബയേണിന് വേണ്ടി ഹാരി കെയ്‌ന്റെ 43-ാം ഗോളാണിത്.
മത്സരം അവസാനിക്കാന്‍ എട്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റോഡ്രിഗോയെ ഫൗള്‍ ചെയ്തതിനാണ് റയലിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടത്. ഈ അവസരം ഗോളാക്കി മാറ്റി മത്സരം 2-2ന് സമനിലയിലാക്കാന്‍ റയലിന് കഴിഞ്ഞു. മെയ് ഒമ്പതിനാണ് രണ്ടാം പാദ സെമി നടക്കുക. നാളെ പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ പി എസ് ജിയും ബൊറൂസ്യ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും.


