13
Sep 2023
Thu
13 Sep 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മഴയെയും ബെംഗളൂരു എഫ്സിയെയും മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫ് മല്‍സരത്തിന് പക വീട്ടികൊണ്ടാണ് മഞ്ഞപ്പടയുടെ സീസണ്‍ തുടങ്ങിയത്. 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. തകര്‍ത്തു പെയ്ത മഴയെ അവഗണിച്ച് ഗ്യാലറിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആര്‍ത്ത് വിളിച്ചപ്പോള്‍ താരങ്ങള്‍ കളത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തിന്റെ ആരവങ്ങള്‍ നെഞ്ചേറ്റി തുടക്കം മുതല്‍ അക്രമണാത്മക ഫുട്ബോളാണ് കാഴ്ചവച്ചത്. ആദ്യ പകുതിയില്‍ ബെംഗളൂരുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ ജപ്പാന്‍ താരം ദായ്സുകി സകായ് തകര്‍പ്പന്‍ ഫോമിലായിരുന്നു. തുടക്കം മുതല്‍ അക്രമിച്ച് കളിച്ചെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാനഘട്ടത്തില്‍ ഇരുടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. ഗോള്‍ രഹിത സമനിലയില്‍ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതി തുടങ്ങി മിനിട്ടുകള്‍ക്കകം ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കളിയുടെ 52-ാം മിനിറ്റില്‍ കെസിയാ വീന്‍ഡോര്‍പ്പിന്റെ ഓണ്‍ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ എത്തിയത്. ഒരു ഗോള്‍ ലീഡില്‍ ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്സ് കളിയുടെ 69-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോളിലൂടെ ലീഡ് ഉയര്‍ത്തി. ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് കുതിക്കവെ കളിയുടെ 90-ാം മിനുട്ടില്‍ ബെംഗളൂരു എഫ്സി ഒരു ഗോള്‍ മടക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക