22
Dec 2025
Mon
22 Dec 2025 Mon
books to Varada s library sponsored by M A Yusuffali

കൊച്ചി: ചെറിയ പ്രായത്തില്‍ തന്നെ ആയിരം പുസ്തകം വായിച്ച് റെക്കോര്‍ഡിട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയും വിളവൂര്‍ക്കല്‍ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുമായ വരദയ്ക്ക് നല്‍കിയ ഉറപ്പ് നിറവേറ്റി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വരദയ്ക്ക് പുസ്തകങ്ങള്‍ എത്തിച്ച് നല്‍കിയാണ് എം.എ യൂസഫലി ക്രിസ്തുമസ് സമ്മാനം ഒരുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചിയിലെ ഒരു പൊതുപരിപാടിയില്‍ എം.എ യൂസഫലി എത്തിയപ്പോഴാണ് തന്റെ ലൈബ്രറിയിലേക്ക് പുസ്‌കതങ്ങള്‍ തരുമോ എന്ന ആഗ്രഹം വരദ അദ്ദേഹത്തോടു പങ്കുവച്ചത്. ചെറിയ പ്രായത്തില്‍ തന്നെ വരദ ആയിരം പുസ്തകങ്ങള്‍ വായിച്ച കഥ പറഞ്ഞപ്പോള്‍ എം.എ യൂസഫലിക്കും കൗതുകമായി. വരദ എഴുതിയ ആദ്യ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രകാശനം ചെയ്തത്. തന്റെ അടുത്ത പുസ്തകം യൂസഫലി സാര്‍ പ്രകാശനം ചെയ്യണമെന്ന ആഗ്രഹവും വരദ ലുലു ഗ്രൂപ്പ് ചെയര്‍മാനോട് പങ്കുവച്ചിരുന്നു.

കൊച്ചു മിടുക്കിയുടെ ഈ ആഗ്രഹം സാധിച്ച് നല്‍കുമെന്ന് യൂസഫലി ഉറപ്പും നല്‍കി. പിന്നാലെയാണ് യൂസഫലിയുടെ ക്രിസ്മസ് സമ്മാനമെന്നോളം പുസ്തകങ്ങളുമായി മലയിന്‍ കീഴിലെ വരദയുടെ വീട്ടിലേക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ എത്തിയത്. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജും ലുലു ഗ്രൂപ്പ് പ്രതിനിധി നൗഫല്‍ കരീമും ചേര്‍ന്ന് വരദയ്ക്ക് പുസ്തകങ്ങള്‍ കൈമാറി.

പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പുസ്തകങ്ങള്‍ യൂസഫലി സാര്‍ സമ്മാനിച്ചെന്നും താന്‍ എഴുതിത്തുടങ്ങിയ പുസ്തകം പ്രകാശനം ചെയ്യാന്‍ യൂസഫലി സാറിനെ വിളിക്കുമെന്നും വരദ പ്രതികരിച്ചു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വരദ ആഗ്രഹം അറിയിച്ചു. ചെറിയ പ്രായത്തിലെ വായനയോട് കൗതുകം തുടങ്ങിയ മകളുടെ വായന വൈഭവം തിരിച്ചറിഞ്ഞ് പിന്തുണ നല്‍കിയത് മാതാപിതാക്കളാണ്.

ALSO READ: കര്‍ണാടക ബുള്‍ഡോസര്‍ രാജ്; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വഴങ്ങി സര്‍ക്കാര്‍; ഇരകളെ താല്‍ക്കാലികമായി പുനരവധിവസിപ്പിക്കും