വോട്ടര്‍ പട്ടിക പരിഷ്‌കരണങ്ങള്‍ക്ക് (SIR) പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരനും ലോക്‌സഭ എം പിയുമായ ശശി തരൂര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സഞ്ജയ് കെ റോയിയുമായുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ആറിന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഇത് യഥാര്‍ഥ വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കരുതെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
|
അതേസമയം, പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ തന്റെ നിലപാട് ആവര്‍ത്തിച്ചു. പൗരത്വത്തില്‍ മതം ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ നിഷേധിക്കുന്നതിനെ ലംഘിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. ഭരണഘടന എന്നത് മാറ്റമില്ലാത്ത ഒരു രേഖയല്ലെന്നും മറിച്ച് മാറുന്ന കാലത്തിന് അനുസരിച്ച് വളരുന്ന ഒരു ജീവസ്സുറ്റ രേഖയാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
ഡോ ബി ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്തതു പോലെ, ഓരോ തലമുറയുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഭരണഘടനയെ പാകപ്പെടുത്താന്‍ ഭേദഗതികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അക്ഷരങ്ങള്‍ക്കപ്പുറം അതിന്റെ അന്തസ്സത്തയെയും ‘ഭരണഘടനാപരമായ മൂല്യത്തെയും’ (Constitutional Morality) നാം മുറുകെ പിടിക്കണം. അയല്‍രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും ഒന്നിലധികം തവണ ഭരണഘടനകള്‍ മാറ്റി എഴുതിയപ്പോള്‍, ഇന്ത്യ ഇന്നും ഒരേ ഭരണഘടനയുമായി മുന്നോട്ട് പോകുന്നത് അതിന്റ വിജയമാണ്. സാക്ഷരതാ നിലവാരം ഏറ്റവും കുറവായിരുന്ന സമയത്ത് സാര്‍വത്രിക വോട്ടവകാശം അനുവദിച്ചത് ഭരണഘടന അസംബ്ലിയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയില്‍ Secular എന്ന വാക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യന്‍ ഭരണഘടന അതിന്റെ സ്വഭാവത്താല്‍ മതനിരപേക്ഷമാണെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ‘സെകുലര്‍’ (Secular), ‘സോഷ്യലിസ്റ്റ്’ (Socialist) എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തത് 1976-ല്‍ അടിയന്തരാവസ്ഥാ കാലത്തായിരുന്നു.
ഭരണഘടനയിലെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങള്‍ ഓരോ പൗരനും ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആരാധിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ട്. ഈ അവകാശങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യന്‍ ഭരണഘടന മതനിരപേക്ഷമായി തന്നെ തുടരുമെന്നും അത് മാറ്റാനാവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പല സംസ്ഥാനങ്ങളിലെയും മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഈ ഭരണഘടന ഉറപ്പുകള്‍ക്ക് വിരുദ്ധമാകാന്‍ സാധ്യതയുണ്ട്. ഈ പ്രശ്‌നം അന്തിമമായി പരിഹരിക്കാന്‍ സുപ്രീം കോടതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ പാര്‍ലമെന്ററി ഭരണരീതികളിലെ പോരായ്മകളെ ശശി തരൂര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി വിപ്പുകളും കൂറുമാറ്റ നിയമവും ശരിക്കും നിയമ നിര്‍മ്മാണ പ്രക്രിയയെ പിന്നോട്ട് വലിക്കുന്നുണ്ട്. അതെല്ലാം ഇപ്പോള്‍ പാര്‍ലമെന്റിനെ വെറും റബര്‍ സ്റ്റാമ്പ് ആക്കുന്നുണ്ട്. അതിന് പകരം, രാഷ്ട്രപതി ഭരണരീതിയിലെ നല്ല വശങ്ങളിലേക്ക് തരൂര്‍ വിരല്‍ ചൂണ്ടി. അതിന് പല കാര്യങ്ങളിലും കടിഞ്ഞാണ്‍ ഇടാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
എത്ര നല്ല ഭരണഘടനയാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ മോശമാണെങ്കില്‍ ആ ഭരണഘടന പരാജയപ്പെടുമെന്നും മറിച്ചാണെങ്കില്‍ എത്ര മോശം ഭരണഘടനയും നല്ലതായി മാറുമെന്നുമുള്ള അംബേദ്കറുടെ വാക്കുകള്‍ അദ്ദേഹം സെഷനില്‍ ഉദ്ധരിച്ചു. ശശി തരൂര്‍ എഴുതിയ ‘Our Living Constitution’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് സെഷന്‍ അവസാനിച്ചത്.
ALSO READ: ശ്രീനാരായണഗുരു ആത്മീയതയും സാമൂഹിക വിപ്ലവവും സമന്വയിപ്പിച്ച യുഗപുരുഷന്‍: ശശി തരൂര്‍





