17
Jun 2023
Thu
17 Jun 2023 Thu

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഒരുങ്ങുന്നു. ഇതിനുവേണ്ട നിയമപദേശം സ്വീകരിച്ചു കഴിഞ്ഞുവെന്നും നടപടിക്രമത്തിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കായി കാത്തിരിക്കുകയാണെന്നും സുചേതന പറഞ്ഞു. അടുത്തിടെ ഇവർ ഒരു എൽജിബിടിക്യു വർക്ക്ഷോപ്പിൽ പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് താൻ ഒരു പുരുഷനാണെന്ന തോന്നൽ ശക്തമായതെന്നും ശാരീരികമായും അത്തരത്തിൽ ഒരാൾ ആകാൻ തീരുമാനിച്ചതെന്നും സുചേതന തുറന്നു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശില്പശാലയിൽ പങ്കെടുത്ത ഒരാൾ പങ്കുവെച്ച പോസ്റ്റിലാണ് സുചേതന ഇനി മുതൽ ‘സുചേതൻ’ ആയിരിക്കും എന്നറിയിച്ചത്. പിന്നീട് സുചേതനയും ഇക്കാര്യം ശരിവെച്ചു.

അടുത്തവർഷത്തോടുകൂടിയാണ് ലിംഗമാറ്റം പൂർണമാകുക. എൻറെ കുടുംബത്തെ കുറിച്ച് ആളുകൾ എന്താണ് പറയുക എന്നതിനെ കുറിച്ച് എപ്പോഴും ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഇതെൻറെ ജീവിതമാണ്, ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കണം -41കാരിയായ സുചേതന പറഞ്ഞു.

കുടുംബത്തിൽ തൻറെ തീരുമാനം പിതാവ് ബുദ്ധദേബ് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അമ്മയ്ക്കാണ് ചെറിയൊരു നിഷേധസ്വരമുണ്ടായത്. ഈയൊരു വിഷയത്തിൽ എൻറെ കുടുംബത്തെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. കുട്ടിക്കാലം മുതൽക്കേ പുരുഷൻറെ മനസായിരുന്നു എനിക്ക്. അത് തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ, മുടിവെട്ടുന്ന രീതി, ഇതെല്ലാം ആണുങ്ങളെപ്പോലെയായിരുന്നു. സ്‌കൂളിലോ കോളജിലോ ഈയൊരു പ്രത്യേകത കാരണം ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നിട്ടില്ല. സുഹൃത്തുക്കളും അധ്യാപകരുമെല്ലാം പിന്തുണ തന്നു -സുചേതന പറഞ്ഞു.മാധ്യമപ്രവർത്തകയായ സുചന്ദ മുഖർജിയാണ് സുചേതനയുടെ പങ്കാളി. സ്‌കൂൾകാലം മുതൽക്കേ തങ്ങൾ സുഹൃത്തുക്കളായിരുന്നെന്ന് സുചേതന പറയുന്നു. എന്നെ ഏറ്റവും കൂടുതൽ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്തത് അവളാണ്. 2004ലാണ് ഞങ്ങൾ കേവലം സുഹൃത്തുക്കൾ മാത്രമല്ലെന്ന് തിരിച്ചറിഞ്ഞത് -സുചേതന പറഞ്ഞു.