ഹാസ്യതാരവും നടനുമായ ബിനു അടിമാലിക്കെതിരേ ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യല്‍ മീഡിയ മുന്‍ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വര്‍ക്കിനു ചെന്ന തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും കാമറ തല്ലിപ്പൊട്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് ജിനേഷ് ആരോപണമുയര്‍ത്തിയത്.(cameraman raised serious allegations against binu adimaly)
|
വാഹനാപകടത്തില്‍ മരിച്ച സുധി കൊല്ലത്തിന്റെയും അതേ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിമിക്രതാരം മഹേഷ് കുഞ്ഞുമോന്റെയും വീട്ടിലുമെത്തി ബിനു അടിമാലി പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നാടകം കളിച്ചുവെന്നും സ്വകാര്യ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജിനേഷ് വെളിപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലിക്ക് നടക്കാന്‍ കഴിയുമായിരുന്നിട്ടും ഡോക്ടര്‍ വീല്‍ചെയര്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇവരുടെ വീടുകളില്‍ നടക്കാന്‍ പോലും കഴിയില്ലെന്ന രീതിയിലാണ് ബിനു അടിമാലി എത്തിയത്. വീടുകളിലെത്തുന്ന ദൃശ്യങ്ങള്‍ തന്നെക്കൊണ്ട് പകര്‍ത്തിച്ചിരുന്നുവെന്നും ഇത് സാമൂഹികമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പുറംലോകത്തെത്തിക്കണമെന്നും ബിനു അടിമാലി തന്നെ ചട്ടംകെട്ടിയിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു.
സോഷ്യല്‍മീഡിയ മാനേജരായി മൂന്നുവര്‍ഷം ജോലി ചെയ്തിട്ടും പതിനായിരം രൂപ മാത്രമാണ് തനിക്കിതുവരെ ബിനു അടിമാലി നല്‍കിയതെന്നു പറഞ്ഞ ജിനേഷ് തങ്ങള്‍ തമ്മില്‍ ചേട്ടന്‍ അനിയന്‍ ബന്ധമായിരുന്നുവെന്നും വ്യക്തമാക്കി. ബിനു അടിമാലിക്ക് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ രാവിലെ മുതല്‍ രാത്രിവരെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് താനാണെന്നും ജിനേഷ് പറയുന്നു.
മഹേഷ് കുഞ്ഞുമോന്റെ വീട്ടില്‍ പോയപ്പോള്‍ കാറില്‍ നിന്നിറങ്ങുന്നതു മുതലുള്ള ബിനു അടിമാലിയുടെ വീഡിയോ താന്‍ പകര്‍ത്തിയിരുന്നു. കാറില്‍ നിന്നിറങ്ങുന്ന ദൃശ്യം ആദ്യതവണ ശരിയാവാഞ്ഞിട്ട് രണ്ടാമതെയും എടുക്കുകയുണ്ടായി. വീഡിയോ എഡിറ്റ് ചെയ്ത് ബിനു അടിമാലിയുടെ കൂട്ടുകാരന്റെ യുട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിടാനായിരുന്നു തീരുമാനിച്ചത്. വീഡിയോ പുറത്തുവിട്ടോട്ടെ എന്ന് മഹേഷ് കുഞ്ഞുമോനോട് ചോദിച്ചപ്പോള്‍ ഫോട്ടോ മാത്രം പങ്കുവച്ചാല്‍ മതിയെന്നായിരുന്നു മഹേഷിന്റെ മറുപടി. ഇതോടെ യുട്യൂബിലൂടെ വീഡിയോ പുറത്തുവിടാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതേച്ചൊല്ലി ബിനു അടിമാലി വഴക്കിട്ടു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ് വേഡുകളും മറ്റും ബിനു അടിമാലിക്ക് തിരികെ നല്‍കി താന്‍ ജോലിയില്‍ നിന്നൊഴിവായി.
എന്നാല്‍ പിന്നീട് താന്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് ബിനു അടിമാലി വിളിക്കുകയും താനത് നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ബിനു അടിമാലി പൊലീസില്‍ പരാതി നല്‍കി. പൊലീസ് വിളിപ്പിച്ചപ്പോള്‍ താന്‍ സത്യാവസ്ഥ പറയുകയും പൊലീസിന്റെ നിര്‍ദേശപ്രകാരം ഇതുവരെ താന്‍ ബിനു അടിമാലിയുടെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന തന്റെ വീട്ടിലെ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടു. ഇതോടെ മറ്റൊരു ഐടി വിദഗ്ധനെ വിളിച്ചന്വേഷിച്ചപ്പോള്‍ നിരവധി തവണ തെറ്റായ പാസ് വേഡ് ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചതിലൂടെ ഫേസ്ബുക്ക് സ്വയം അക്കൗണ്ട് നിശ്ചിതസമയത്തേക്ക് ലോഗിന്‍ ബ്ലോക്ക് ചെയ്തതാണെന്നു മനസ്സിലായി.
ബിനു അടിമാലിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാനോ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനോ അറിയില്ലെന്നും കൂട്ടുകാരെകൊണ്ടാണ് ഇതു ചെയ്യിച്ചിരുന്നതെന്നും ഫേസ്ബുക്കില്‍ വരുന്ന തെറിവിളികള്‍ക്കു പിന്നില്‍ താനാണെന്ന് ആരോപിക്കുകയുണ്ടായെന്നും രാജേഷ് പറയുന്നു. തനിക്ക് ക്വട്ടേഷന്‍ സംഘങ്ങളായും ജഡ്ജിയുമായും ബന്ധമുണ്ടെന്നും ഭൂമിയില്‍ വച്ചേക്കില്ലെന്നുമുള്ള ഭീഷണിയും ബിനു അടിമാലി ഉയര്‍ത്തുകയുണ്ടായി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് ബിനു അടിമാലിയെ വിളിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിനു ശേഷമാണ് ചാനല്‍ പരിപാടിയിലെ അവതാരക വിളിച്ച് വര്‍ക്കിനു വരണമെന്ന് വിളിച്ചത്. പരിപാടിയുടെ ഡയറക്ടറെ വിളിച്ച് ചോദിച്ചപ്പോള്‍ വര്‍ക്കുണ്ടെന്നും വന്നോളൂ എന്നും അറിയിച്ചു.
ഇവിടെ വന്നപ്പോഴാണ് ബിനു അടിമാലി തന്നെ ഒരു മുറിയിലേക്ക് വലിച്ചിട്ട ശേഷം കതക് പൂട്ടി മര്‍ദ്ദിച്ചത്. കാമറയുണ്ടായിരുന്ന ബാഗ് നിലത്തടിച്ച് പൊട്ടിച്ചു. കഴുത്തിനുകുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. ഒച്ചകേട്ട് ഇവിടെയുണ്ടായിരുന്നവര്‍ കതക് ചവിട്ടിപ്പൊളിച്ചാണ് തന്നെ രക്ഷിച്ചതെന്നും ജിനേഷ് പറയുന്നു. ചാനല്‍ അധികൃതരെ വിവരം അറിയിച്ചപ്പോള്‍ അന്വേഷിക്കാമെന്നും കാമറ തകര്‍ത്തതിന് പരിഹാരം കാണാമെന്നും അറിയിക്കുകയുണ്ടായി. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സഹായിക്കൊപ്പം താന്‍ ആശുപത്രിയില്‍ പോയി മരുന്നുവാങ്ങുകയും വീട്ടിലേക്ക് മടങ്ങുകയും പിറ്റേദിവസം പൊലീസില്‍ ബിനു അടിമാലിക്കെതിരേ പരാതി നല്‍കുകയായിരുന്നുവെന്നും ജിനേഷ് പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





