തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിറങ്ങിയവര്‍ക്കിടയിലേക്ക് ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ പാഞ്ഞുകയറി; 2 മരണം
|
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി മധ്യവയസ്‌കരായ രണ്ട് പേര്‍ മരിച്ചു. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്. വഴയിലയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. ഈ വഴിയില്‍ സ്ഥിരം പ്രഭാതസവാരി നടത്തുന്നവരാണ് ഇരുവരും.
ആന്ധ്ര സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് ദൃക്‌സാക്ഷികള്‍ വിവരിക്കുന്നത്. വാഹനം ഇടിക്കുന്നത് കണ്ടെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് പരിക്ക് പറ്റിയത് ആരും അറിഞ്ഞിരുന്നില്ല. അപകടമുണ്ടായി അരമണിക്കൂറോളം പിന്നിട്ട ശേഷമാണ് വഴിയോരത്ത് ഇരുവരും കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ടവരെ കണ്ടയുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു കുട്ടിയടക്കം അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കാറിലുള്ളവരെ ആപകടം സംഭവിച്ച ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. പോലിസ് എത്തി നടപടികള്‍ സ്വീകരിച്ചു.





