കല്‍പ്പറ്റ: ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസാണ് കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത സംഭവത്തിലാണ് കേസ്.
|
ചായപ്പൊടി വാങ്ങുമ്പോള്‍ കൂപ്പണ്‍ സമ്മാനമായി ലഭിക്കുന്നതാണ് പതിവ്. ഇത്തരത്തിലുള്ള സമ്മാന പ്രക്രിയ ലോട്ടറി റഗുലേഷന് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമാണെന്നാണ് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നത്. പൊലിസിന്റെ എഫ്ഐആറില്‍ ചായപ്പൊടി വില്‍പ്പനയുടെ മറവില്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്നാണ് എഴുതി ചേര്‍ത്തത്. നറുക്കെടുപ്പ് ദിവസേന ഉള്ളതിനാല്‍ ഇത് സര്‍ക്കാരിന്റെ ലോട്ടറി വില്പനയ്ക്ക് എതിരാണെന്നും സര്‍ക്കാരിന് നഷ്ടം ഉണ്ടാകുമെന്നും എഫ്ഐആറിലുണ്ട്.
ഇത്തരത്തിലുള്ള സമ്മാനക്കൂപ്പണ്‍ ഓണ്‍ലൈന്‍ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നുമുള്ള പരാതിയില്‍ ലോട്ടറി ഡയറക്ടറേറ്റും സമാന്തരമായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ തന്റെ കമ്പനി സെയില്‍സ് പ്രമോഷന് മാത്രമാണ് ലക്ഷ്യമിടുന്നത് എന്നാണ് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചത്.


