കോഴിക്കോട്: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന് പരസ്യ പ്രസ്താവന നടത്തിയ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസ്. വനിതാ അവകാശ പ്രവര്‍ത്തക വി.പി സുഹറ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. മതസ്പര്‍ധ സൃഷ്ടിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി 295 എ, 298 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ ദിവസങ്ങള്‍ക്കു മുന്‍പ് പരാതി നല്‍കിയെങ്കിലും ഇപ്പോഴാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
|
സിപിഎം സംസ്ഥാന സമിതി അംഗം അനില്‍കുമാര്‍ നടത്തിയ ‘തട്ടം’ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ഉമര്‍ ഫൈസി മുക്കം വിവാദ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ, തട്ടമിടാത്ത സ്ത്രീകളെ അപമാനിച്ച ഉമര്‍ ഫൈസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.പി. സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയ്ക്ക് പരാതി നല്‍കി.
ഇസ്ലാം മതത്തെയും മുസ്ലിം വിശ്വാസികളെയും മുസ്ലിം സ്ത്രീകളെയും അവഹേളിക്കുന്ന പരാമര്‍ശമാണ് ഉമര്‍ ഫൈസി നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ നല്ലളം ഗവ. ഹൈസ്‌കൂളില്‍ നടന്ന കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടിയില്‍ വി.പി.സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് വേദിയില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ഇവര്‍ക്കെതിരെ പ്രതിഷേധിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ കുടുംബശ്രീ അംഗങ്ങളും സുഹറയ്‌ക്കെതിരെ പ്രതിഷേധിച്ചതോടെ പരിപാടിയില്‍നിന്ന് അവര്‍ക്കു പിന്‍മാറേണ്ടി വന്നു. തുടര്‍ന്ന് പിടിഎ പ്രസിഡന്റ് ഷാഹുല്‍ ഹമീദിനെതിരെ വി.പി സുഹറ നല്ലളം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





