12
Feb 2025
Mon
12 Feb 2025 Mon
CH Muhammad Koya Scholarship

കേരളത്തിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സ്‌റ്റൈപന്റിന് ഇന്ന് കൂടി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഇന്ന്വരെ നീട്ടിയിട്ടുണ്ട്.മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) എന്നിവരാണ് അപേക്ഷിക്കേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച സ്വാശ്രയ മെഡിക്കല്‍/എഞ്ചിനീയറിഗ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.

ബിരുദത്തിന് 5000 രൂപയും, ബിരുദാനന്തര ബിരുദത്തിന് 6000 രൂപയും, പ്രൊഫഷണല്‍ കോഴ്‌സിന് 7000 രൂപയും, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് ഇനത്തില്‍ 13,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം.

കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത് (ബി.പി.എല്‍കാര്‍ക്ക് മുന്‍ഗണന). അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minortiywelfare.kerala.gov.in എന്ന വെബ് സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫീല്‍ഡുകള്‍ പൂര്‍ണമായി പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ അപ്‌ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളില്‍ സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524, 04712302090, 04712300523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

CH Muhammad Koya Scholarship: Application deadline extended