ഷാർജ: മെഡിറ്ററേനിയൻ പാചകരീതിയുടെ വൈവിധ്യമാർന്ന രുചികൾ പരിചയപ്പെടുത്തി ഷെഫ് സാലി ജെയ്ൻ ഹർസ്റ്റ്. ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 45-ാം പതിപ്പിനോടനുബന്ധിച്ച് കുക്കറി കോർണറിൽ സംഘടിപ്പിച്ച ‘ഫ്രം ദ മെഡിറ്ററേനിയൻ ടേബിൾ വിത്ത് സാലി ജെയ്ൻ ഹർസ്റ്റ്’ എന്ന പരിപാടിയിലാണ് അവർ പ്രത്യേക വിഭവമായ ഗ്രീൻ ബൗൾ തയ്യാറാക്കിയത്. ലെവന്റ് മേഖലയിലെ പരമ്പരാഗത ചേരുവകൾക്ക് ആഗോള പാചകാനുഭവങ്ങളുടെ സ്വാധീനം കൂടി ചേർത്താണ് വിഭവം ഒരുക്കിയത്.
|
പരമ്പരാഗതമായി വറുത്ത പച്ചഗോതമ്പിൽനിന്ന് തയ്യാറാക്കുന്ന ഫ്രീക്ക, പുളിയുള്ള രുചിയുള്ള ഇലക്കറിയായ പർസ്ലെയ്ൻ, ബ്രോക്കോളി, അസ്പാരഗസ്, ബ്രോഡ് ബീൻസ്, ഗ്രീൻ പീസ്, പുതിന എന്നിവയാണ് ഗ്രീൻ ബൗളിലെ പ്രധാന ചേരുവകൾ. വേവിച്ച് തണുപ്പിച്ച ഫ്രീക്കയും ചെറുതായി പുഴുങ്ങിയ പച്ചക്കറികളും ചേർത്ത് നാരങ്ങാനീരും ഒലിവ് ഓയിലും ഉപയോഗിച്ച് തയ്യാറാക്കിയ ഡ്രസ്സിങ് ഒഴിച്ചാണ് വിഭവം ഒരുക്കുന്നത്. ഇതിന് മുകളിൽ അവക്കാഡോ ഹമ്മസ്, ക്രഞ്ചിയായ ടോപ്പിങ്, കേൽ പൊടി എന്നിവയും ചേർക്കുന്നു.
ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, സാൻഫ്രാൻസിസ്കോ, ബെയ്റൂട്ട് തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിച്ചുള്ള അനുഭവങ്ങൾ തന്റെ പാചകരീതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സാലി ജെയ്ൻ ഹർസ്റ്റ് പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ പരിചിതമായ ചേരുവകൾ പുതിയ രീതിയിൽ ഉപയോഗിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ജോർദാനിൽ ലഭ്യമായ സീസണൽ ഉൽപ്പന്നങ്ങളും പ്രാദേശിക ഭക്ഷണപാരമ്പര്യങ്ങളും തന്റെ വിഭവങ്ങളിൽ പ്രധാനമാണെന്നും അവർ വ്യക്തമാക്കി. അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീകൾ നേതൃത്വം നൽകുന്ന ‘ഹാർവെസ്റ്റ്’ എന്ന അടുക്കളയുടെയും മാർക്കറ്റിന്റെയും സ്ഥാപകയും എക്സിക്യൂട്ടീവ് ഷെഫുമാണ് ഹർസ്റ്റ്.
ഷാർജയിലെത്തിയ ഉടൻ തന്നെ പുസ്തകമേളയുടെ സജീവമായ അന്തരീക്ഷം തന്നെ ആകർഷിച്ചതായി അവർ പറഞ്ഞു. പാചകത്തോടൊപ്പം പുസ്തകവായനയിലും താൽപര്യമുള്ള തനിക്ക് ഇത്രയധികം പുസ്തകങ്ങൾക്കിടയിൽ സമയം ചെലവഴിക്കാൻ കഴിയുന്നത് സന്തോഷകരമാണെന്നും പുതിയ പുസ്തകങ്ങളും പാചകഗ്രന്ഥങ്ങളും പരിചയപ്പെടാൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





