11
Jan 2024
Fri
11 Jan 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിത നഗരങ്ങളില്‍ അധികവും ദക്ഷിണേന്ത്യയിലാണെന്ന് സ്ത്രീകള്‍. ഇന്ത്യയില്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ വന്‍ നഗരം എന്ന ബഹുമതി ചെന്നൈ സ്വന്തമാക്കി. സ്ത്രീസൗഹൃദ സൂചകങ്ങളുടെ സംസ്ഥാനശരാശരിയില്‍ കേരളമാണ് ഒന്നാംസ്ഥാനത്ത്. ജോലിസ്ഥലത്തെ തുല്യതയെക്കുറിച്ചുള്ള പഠനത്തിന് പ്രാധാന്യം നല്‍കുന്ന കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ അവതാര്‍ ഗ്രൂപ്പ് നടത്തിയ ടോപ് സിറ്റീസ് ഫോര്‍ വിമന്‍ ഇന്‍ ഇന്ത്യ (ടി.സി.ഡബ്ല്യു.ഐ.2023) പഠനമാണ് സ്ത്രീസൗഹൃദനഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള വന്‍നഗരങ്ങളുടെ പട്ടികയില്‍ ചെന്നൈ ഒന്നാമതെത്തിയപ്പോള്‍ ബെംഗളൂരു, പുണെ, മുംബൈ, ഹൈദരാബാദ് നഗരങ്ങള്‍ അടുത്തസ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡല്‍ഹിക്ക് എട്ടാംസ്ഥാനമുണ്ട്.

പത്തുലക്ഷത്തില്‍താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലും ദക്ഷിണേന്ത്യക്കാണ് ആധിപത്യം. തിരുച്ചിറപ്പള്ളി ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോള്‍ വെല്ലൂര്‍, കൊച്ചി, തിരുവനന്തപുരം, ഷിംല നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലെത്തിയത്. കോഴിക്കോടിന് 11ാം സ്ഥാനമുണ്ട്. രാജ്യത്തെ 113 നഗരങ്ങള്‍ ജോലിചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം എത്രമാത്രം സുരക്ഷിതവും സ്വീകാര്യവുമാണെന്ന് പരിശോധിച്ച് സിറ്റി ഇന്‍ക്ലൂഷന്‍ സ്‌കോര്‍ തയ്യാറാക്കിയാണ് പട്ടികയുണ്ടാക്കിയത്.

കൂടുതല്‍ തൊഴിലവസരങ്ങള്‍, സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം,ഗതാഗത സൗകര്യം, മറ്റ് സുരക്ഷിതത്വം എന്നിവയാണ് ഈ നഗരങ്ങളെ സ്ത്രീകള്‍ കൂടുതലായി തിരഞ്ഞെടുക്കാന്‍ കാരണമായി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്. ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വിഭാഗത്തില്‍ 49 നഗരങ്ങളും ദശലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള വിഭാഗത്തില്‍ 64 നഗരങ്ങളുമാണ് പഠന വിധേയമാക്കിയത്. ഈ രണ്ട് വിഭാഗങ്ങളിലും തമിഴ്‌നാട്ടിലെ നഗരങ്ങള്‍ ഒന്നാമതെത്തി. മില്യണ്‍ പ്ലസ് വിഭാഗത്തില്‍ ചെന്നൈയും ദശലക്ഷത്തില്‍ താഴെയുള്ള വിഭാഗത്തില്‍ തിരുച്ചിറപ്പള്ളിയുമാണ് ഒന്നാമതെത്തിയത്.

തമിഴ്‌നാട്ടില്‍ നിന്ന് കോയമ്പത്തൂര്‍ (മില്യണ്‍ പ്ലസ്), തിരുച്ചിറപ്പള്ളി, വെല്ലൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍ (ഒരു ദശലക്ഷത്തില്‍ താഴെ) എന്നിങ്ങനെ ആകെ ഏഴ് നഗരങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

നേരത്തെ, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ആദ്യ പത്തില്‍ ഇടം പിടിച്ചിരുന്നു. പട്ടികയില്‍ പത്താമതായിട്ടായിരുന്നു കോഴിക്കോടിന്റെ സ്ഥാനം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തുവിട്ട പട്ടിക പ്രകാരം കേരളത്തില്‍ നിന്നും ആദ്യ പത്തില്‍ ഇടം പിടിച്ച ഏക നഗരവും കോഴിക്കാടായിരുന്നു. 19 നഗരങ്ങളുള്ള പട്ടികയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തിറക്കിയിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക