08
Jan 2024
Sat
08 Jan 2024 Sat

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പക്വത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ എഴുതപ്പെട്ട നിയമവ്യവസ്ഥകള്‍ ഉണ്ടെന്നും അതിനു വിരുദ്ധമായി ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏത് അധികാര സ്ഥാനവും വലുതല്ല. ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതില്‍ ചിലതിനു കുറവുണ്ടോ എന്ന് ഗവര്‍ണര്‍ പരിശോധിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം. പ്രതിഷേധക്കാര്‍ ബാനര്‍ കെട്ടുമ്പോള്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ തെരുവില്‍ ഇറങ്ങി അഴിക്കാന്‍ പറയുന്നത് ഏതു കാലത്താണ് കണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഗവര്‍ണര്‍ക്കു നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ സമയമില്ലെന്നും ഒന്നരമണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

മുഖ്യമന്ത്രി പോകുമ്പോള്‍ വിവിധ രീതികളിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടില്ലേ? പ്രതിഷേധം ഉയരയുമ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുന്നു എന്ന് ഇറങ്ങി നോക്കുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഗവര്‍ണര്‍ എന്തിനാണ് അങ്ങനെ പെരുമാറുന്നത്. സുരക്ഷ നിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫിന് കൈമാറിയത് വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവന് ഏറ്റവും വലിയ സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. സമാധാനത്തിന്റെ തലവന്‍ എന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ കൊടുക്കുന്നത് ഗവര്‍ണര്‍ക്കാണ്. അത് വേണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

ആര്‍എസ്എസുകാര്‍ക്ക് കേന്ദ്രഗവണ്‍മെന്റ് ഒരുക്കിയ സുരക്ഷയുടെ കൂടില്‍ ഒതുങ്ങാനാണ് ഗവര്‍ണര്‍ തയ്യാറായിരിക്കുന്നതെന്ന് സിആര്‍പിഎഫ് സുരക്ഷ നല്‍കിയിട്ടുള്ളവരുടെ പേരുകള്‍ വായിച്ചു കേള്‍പ്പിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. സിആര്‍പിഎഫ് നേരിട്ടു കേരളം ഭരിക്കുമോ എന്നും പിണറായി വിജയന്‍ ചോദിച്ചു. നിലമേലില്‍ എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഗവര്‍ണര്‍ റോഡരികില്‍ കസേരയിട്ടിരുന്നത്.

പ്രതിഷേധക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതിന്റെ എഫ്‌ഐആര്‍ കണ്ടതോടെയാണ് രണ്ടുമണിക്കൂര്‍ നേരത്തേ ഇരിപ്പ് പ്രതിഷേധത്തില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങിയത്. ഇതിനിടെ സംസ്ഥാന പൊലീസ് മേധാവി വരെ ഗവര്‍ണറെ ഫോണില്‍ വിളിച്ച് പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ കേന്ദ്രം ഗവര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും വ്യക്തമാക്കുകയുണ്ടായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക