21
Apr 2023
Mon
21 Apr 2023 Mon

കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനുമായ എം.വി. ശങ്കരൻ എന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു. ഇന്നലെ രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂർ വാരത്ത് ശങ്കർ ഭവനിലായിരുന്നു താമസം. ഇന്ത്യയിൽതന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരൻ. സർക്കസ് കലാകാരനായി ജീവിതം തുടങ്ങിയ അദ്ദേഹം സർക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെ സഞ്ചരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവർക്ക് പുറമേ ലോകനേതാക്കളായ മാർട്ടിൻ ലൂതർകിങ്, മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രികയായ വാലന്റീന തെരഷ്‌കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യൻ സർക്കസ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു.

1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻ നായരുടെയും മുർക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ 3 വർഷം സർക്കസ് പഠിച്ചു. സർക്കസ് ജീവിതമാർഗമാക്കാൻ ശ്രമിക്കാതെ രണ്ടു വർഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടർന്നു കടപൂട്ടി. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു.

1946-ൽ കൊൽക്കത്തയിലെ പ്രശസ്തമായ ബോസ്ലിയൻ സർക്കസിൽ ചേർന്നു. ഹൊറിസോണ്ടൽ ബാറിൽ കലാകാരനായിരുന്നു. തുടർന്ന് ഇന്ത്യയിലെ അക്കാലത്തെ ശ്രദ്ധേയമായ നാഷണൽ സർക്കസിലും ഗ്രേറ്റ് ബോംബെ സർക്കസിലും ചേർന്നു.

സാമ്പത്തികപ്രശ്നം കാരണം തകർന്ന വിജയ സർക്കസ് ശങ്കരനും കൂട്ടുകാരനും ചേർന്ന് ഏറ്റെടുത്തു. പിന്നീടാണ് ജെമിനി സർക്കസ് എന്ന പേരിൽ തുടങ്ങുന്നത്. വിദേശരാജ്യങ്ങളിലെ കലാകാരൻമാരെയും വന്യമൃഗങ്ങളെയും സർക്കസിൽ അണിനിരത്തി ജെമിനിയെ ശ്രദ്ധേയമാക്കി. 1977-ൽ ജംബോ സർക്കസ് കൂടി ശങ്കരൻ ഏറ്റെടുത്തു.ചൈനയിൽ നടന്ന ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവലിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കുവൈത്ത് ഗോൾഡൻ ഫോക് പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.

സർക്കസിലെ സേവനം മാനിച്ച് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ലഭിച്ചു. അവസാനകാലത്ത് ടി.കെ.എം. ട്രസ്റ്റിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ലഭിച്ചു.

ഭാര്യ: ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ (പ്രൊഫ., മെൽബൺ ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ് ശങ്കർ, സുനിതാ അശോക് ശങ്കർ, പ്രദീപ് നായർ (കംപ്യൂട്ടർ എൻജിനിയർ മെൽബൺ, ഓസ്ട്രേലിയ).