21
Sep 2022
Mon
21 Sep 2022 Mon

കോഴിക്കോട്: അർബുദ രോഗികളോടുള്ള അനുഭാവപൂർണമായ സമീപനം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളിൽപ്പെട്ടതാണെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. ഇതുകൊണ്ടു തന്നെ അർബുദ രോഗികൾക്കായി കോർട്ടെക്സ്  പോലുള്ള ആര്യോഗ്യ മേഖലയിലെ സ്ഥാപനങ്ങൾ  നടപ്പിലാക്കുന്ന പദ്ധതികളെ സമൂഹം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. അർബുദരോഗികൾക്ക് സൗജന്യമായി വേദനാനിവാരണ ചികിത്സ ലഭ്യമാക്കാനായുള്ള ‘കോർട്ടക്സ് സ്പർശം’ പദ്ധതിയെ പരാമർശിച്ചു കൊണ്ടാണ് മേയർ ഇക്കാര്യം പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാലിക്കറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി  സഹകരിച്ചാണ് കോർട്ടെക്സ് അർബുദ വേദനാനിവാരണ സ്പർശം പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ ആദ്യ അഡ്വാൻസ്ഡ് മൾട്ടി ഡിസിപ്ലിനറി പെയിൻ ക്ലിനിക്കായ കോർട്ടക്സ് സ്‌പൈൻ ആന്റ് പെയിൻ കെയറിന്റെ ഉദ്ഘാടനവും മേയർ നിർവഹിച്ചു. 

 

വേദന ചികിത്സയുടെ സമഗ്രമേഖലകളെയും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ചികിത്സാ സൗകര്യങ്ങൾ സമന്വയിപ്പിച്ച ഈ ക്ലിനിക്ക് സംസ്ഥാനത്തെ ആദ്യത്തേതാണ്. ഇതോടൊപ്പം തുടങ്ങിയ സ്പോർട്സ് ഇഞ്ചുറി ആന്റ് റീജനറേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ ഉദ്ഘാടനം   ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയും ‘കോർട്ടക്സ് സ്പർശം’ പദ്ധതിയുടെ ഉദ്ഘാടനം കോർട്ടക്സ് സ്ഥാപകനും ഡയറക്ടറുമായ ഡോ. നിഷാദ് പി. കെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ  ഡയറക്ടർ ഡോ. അൻവർ ഹുസൈൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഡോ. നജ് വ അബ്ദുല്ല (കോ-ഫോണ്ടർ, കോർട്ടക്‌സ് സ്‌പൈൻ ആന്റ് പെയിൻ കെയർ ക്ലിനിക്) എന്നിവരും സന്നിഹിതയായിരുന്നു.

 

വേദനയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സമഗ്രമായി വിലയിരുത്തുകയും അനുയോജ്യമായ ചികിത്സാ രീതികൾ നിർണ്ണയിക്കുകയും ചെയ്യുന്ന രീതിയിലാണ് കോർട്ടക്സ് സ്‌പൈൻ ആന്റ് പെയിൻ കെയർ ക്ലിനിക് വിഭാവനം ചെയ്തിരിക്കുന്നത്. നട്ടെല്ലിനെയും മറ്റും ബാധിക്കുന്ന വേദനകൾക്കിടയാക്കുന്ന കാരണങ്ങൾക്കാവശ്യമായ താക്കോൽദ്വാര ചികിത്സാരീതികൾ, അൽട്രാസൗണ്ട്-ഫ്ളൂറോസ്‌കോപ്പി പോലുള്ള ഇമേജുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികൾ, അൽട്രാസൗണ്ട് അടിസ്ഥാനമാക്കിയുള്ള റീജനറേറ്റീവ് ചികിത്സ, അസ്ഥിരോഗങ്ങളുമായി ബന്ധപ്പെട്ടുള്ള മാന്വൽ തെറാപ്പിയും റീഹാബിലിറ്റേഷനും ഉൾപ്പെടുന്ന ചികിത്സകൾ, സങ്കീർണ്ണമായതും വിട്ടുമാറാത്തതുമായ വേദനകൾക്കുള്ള വിഭിന്നങ്ങളായ ചികിത്സാരീതികൾ തുടങ്ങിയവയെല്ലാം പെയിൻ കെയർ ക്ലിനിക്കിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ സ്പോർട്സ് ഇഞ്ചുറി ആന്റ് റീജനറേറ്റീവ് മെഡിസിൻ ക്ലിനിക്കും തുടങ്ങിയിട്ടുണ്ട്.