മകന് ഉചിതയായ വധുവിനെ കണ്ടെത്തിനല്‍കാത്ത മാട്രിമോണിയല്‍ സൈറ്റിനെതിരേ പരാതിയുമായി ബംഗളുരു സ്വദേശി ഉപഭോക്തൃ കോടതിയില്‍. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി വെസ്‌ബൈറ്റ് അധികൃതരോട് പരാതിക്കാരന് അറുപതിനായിരം രൂപ പിഴ നല്‍കാന്‍ വിധിച്ചു.
|
30000 രൂപ ഫീസിനത്തില്‍ നല്‍കി ഡില്‍മില്‍ മാട്രിമോണി സൈറ്റില്‍ അംഗത്വമെടുത്ത വിജയ കുമാര്‍ കെ എസ് എന്നയാളാണ് പരാതിയുമായി ഉപഭോക്തൃകോടതിയെ സമീപിച്ചത്. മികച്ച സേവനം നല്‍കുന്നതില്‍ മാട്രിമോണിയല്‍ സൈറ്റുകാര്‍ പരാജയപ്പെട്ടതായും അനുചിതമായ വ്യാപാരരീതിയാണ് അവര്‍ പിന്തുടര്‍ന്നതെന്നും വ്യക്തമാക്കിയാണ് കോടതി നടപടി.
മകന് പറ്റിയ വധുവിനെ കണ്ടെത്തി നല്‍കുന്നതില്‍ മാട്രിമോണിയല്‍ സൈറ്റ് പരാജയപ്പെട്ടതോടെ താന്‍ നല്‍കിയ 30000 രൂപ തിരികെ നല്‍കണണമെന്ന് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കി 45 ദിവസത്തിനുള്ളില്‍ വധുവിനെ കണ്ടെത്തി നല്‍കാമെന്നായിരുന്നു വ്യവസ്ഥയെന്നും ഇതു ലംഘിക്കപ്പെട്ടതോടെയാണ് പണം തിരികെ ചോദിച്ചതെന്നും കുമാര്‍ പറഞ്ഞു.
നിരവധി തവണ ഓഫിസിലെത്തി ആവശ്യപ്പെട്ടിട്ടും മാട്രിമോണിയല്‍ സൈറ്റുകാര്‍ പണം നല്‍കാന്‍ കൂട്ടാക്കിയുമില്ലെന്നു മാത്രമല്ല കുമാറിനെ അസഭ്യം പറയുകയും ചെയ്തു. ഇതോടെ കുമാര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. കുമാര്‍ നല്‍കിയ 30000 രൂപയും മോശം സേവനത്തിന് ശിക്ഷയായി 20000 രൂപയും നേരിട്ട മാനസികപീഡനത്തിന് 5000 രൂപയും കോടതിച്ചെലവായി 5000 രൂപയുമാണ് കോടതി വിധിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





