നേപ്പാളിലുണ്ടായ അതിഭീകര പ്രളയത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ അമേരിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ലോകത്തിലെ പ്രധാന ഹരിതഗൃഹ വാതക പുറന്തള്ളൽ രാജ്യങ്ങളാണ് ഇവരെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാളിന്റെ നീക്കം.
|
ആഗസ്റ്റ് 26ന് ഭോട്ടെകോശി നദീതടത്തിലുണ്ടായ മിന്നൽപ്രളയത്തിൽ ആയിരത്തിലേറെ പേർ മരിക്കുകയും നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോകുകയും ചെയ്തിരുന്നു. ഉയർന്ന പ്രദേശത്തെ ഹിമാനി തകർന്നതിനെ തുടർന്ന് മഞ്ഞുവെള്ളം, പാറകൾ, മണ്ണ് എന്നിവയുടെ വൻപ്രവാഹമാണ് അതീവ നാശം വിതച്ചത്. 1,100ലേറെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഏകദേശം 4,500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് റിപോർട്ട്.
ദുരന്തത്തിന് പിന്നാലെ അന്താരാഷ്ട്ര സാമ്പത്തിക സഹായം തേടാനുള്ള നയതന്ത്ര നീക്കവും നേപ്പാൾ ശക്തമാക്കി. ദുരന്താനന്തര സഹായം കാരുണ്യമായി കാണേണ്ടതല്ല, ധാർമിക ബാധ്യതയായി കാണണം എന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ഷിഷിർ ഖനാൽ പറഞ്ഞു. നേപ്പാൾ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ വളരെ ചെറിയ പങ്ക് മാത്രമാണ് വഹിക്കുന്നതെന്നും എന്നാൽ ആഗോളതാപനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടുന്നത് രാജ്യങ്ങളിലൊന്നാണെന്നും ഖനാൽ ചൂണ്ടിക്കാട്ടി. ഹിമാനികൾ അതിവേഗം ഉരുകുന്നതും മലനിരകളിലെ അതിതീവ്ര ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
‘സഹായത്തിൽ നിന്ന് നീതിയിലേക്കും നഷ്ടപരിഹാരത്തിലേക്കുമാണ് നേപ്പാളിന്റെ നയതന്ത്ര സമീപനം മാറുന്നത് എന്നാണ് ഖനാലിന്റെ നിലപാട്. ചൈന, അമേരിക്ക, ഇന്ത്യ തുടങ്ങിയ പ്രധാന പുറന്തള്ളൽ രാജ്യങ്ങൾക്ക് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നും കാലാവസ്ഥാ ദുരന്തം നേരിടുന്ന നേപ്പാൾ പോലുള്ള രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ, ദുരന്തത്തെ തുടർന്ന് അടിയന്തര സാമ്പത്തിക സഹായം തേടി ഫണ്ട് ഫോർ റസ്പോണ്ടിങ് ടു ലോസ് ആൻഡ് ഡാമേജ് ബോർഡിനെയും നേപ്പാൾ സമീപിച്ചു. 2022ലെ COP27ൽ സ്ഥാപിക്കുകയും COP28ൽ പ്രവർത്തനക്ഷമമാക്കുകയും ചെയ്ത സംവിധാനമാണിത്.
ഹിമാലയൻ ഹിമാനികൾ അപ്രത്യക്ഷമായാൽ ഗംഗ, ത്രിശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന ദക്ഷിണേഷ്യയിലെ 200 കോടിയിലേറെ ജനങ്ങളുടെ ജലസുരക്ഷയെ അത് ഗുരുതരമായി ബാധിക്കുമെന്നും നേപ്പാൾ മുന്നറിയിപ്പ് നൽകി.
ALSO READ: 18 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




