01
Jul 2023
Mon
01 Jul 2023 Mon

കൊല്ലം: മദ്യപിച്ച് ലക്കുകെട്ട ദമ്പതികള്‍ തമ്മിലുണ്ടായ കലഹത്തിനിടെ ഒന്നരവയസ്സുകാരിയായ മകളെ അച്ഛന്‍ പുറത്തേക്കെറിഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ചിന്നക്കട കുറവന്‍പാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മുരുകന്‍ (35), മാരിയമ്മ (23) എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിനുള്ളിലിരുന്നു മദ്യപിക്കുകയും തുടര്‍ന്ന് വാക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുകയായിരുന്നു. ഈ സമയം അടുത്തേക്കു വന്ന മകളെ മുരുകന്‍ വീടിനു പുറത്തേക്കെറിയുകയായിരുന്നുവെന്നാണ് മാരിയമ്മ പറഞ്ഞത്.

സ്ഥലത്തുണ്ടായിരുന്ന അയല്‍വാസികളാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അയല്‍വാസികളുടെ മൊഴിയെടുത്തശേഷം ഇരുവരുടെയും പേരില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.

ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.