20
May 2023
Tue
20 May 2023 Tue

അഹമ്മദാബാദ്: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം. 15ാം ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ, മോഹിത് ശര്‍മയെ ബൗണ്ടറി കടത്തി രവീന്ദ്രജഡേജയാണ് സിഎസ്‌കെയുടെ വിജയമുറപ്പിച്ചത്. ടൈറ്റന്‍സിനെതിരായ വിജയം അഞ്ച് വിക്കറ്റുകള്‍ക്ക്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം ഐപിഎല്‍ കിരീടനേട്ടമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഗുജറാത്തിനെതിരായ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന രണ്ട് പന്തുകളില്‍ ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയനായകനായത്. മറുവശത്ത് സ്വന്തം ഗ്രൗണ്ടില്‍ ഹാര്‍ദിക്കും സംഘവും കണ്ണീരോടെ മടങ്ങി. ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐ.പി.എല്‍ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ധോനിയും സംഘവുമെത്തി

.215 റണ്‍സുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വെയുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇന്നിങ്സിലെ ആദ്യ മൂന്ന് പന്ത് പൂര്‍ത്തിയായപ്പോഴേക്കും വില്ലനായി മഴ അവതരിച്ചു. ഇതോടെ മത്സരം രണ്ട് മണിക്കൂറോളം വൈകി. പിന്നീട് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 15 ഓവറാക്കി വെട്ടിച്ചുരുക്കി. ചെന്നൈയുടെ വിജയലക്ഷ്യം 171 റണ്‍സായി മാറി.

15 ഓവറായതോടെ ചെന്നൈ ഓപ്പണര്‍മാര്‍ തുടക്കംതൊട്ട് ആക്രമണം അഴിച്ചുവിട്ടു. കോണ്‍വെയും ഋതുരാജും ഒരുപോലെ ബാറ്റുവീശിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. ഇരുവരും ചേര്‍ന്ന് വെറും 3.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഏഴാം ഓവറില്‍ ഋതുരാജ് പുറത്തായി. 16 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ നൂര്‍ അഹമ്മദ് പുറത്താക്കി. ആദ്യ വിക്കറ്റില്‍ കോണ്‍വെയ്ക്കൊപ്പം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ 70 റണ്‍സിന് മുകളിലായിരുന്നു. എന്നാല്‍ ഏഴാം ഓവറില്‍ നൂര്‍ അഹമദ്, 25 ബോളില്‍ 47 റണ്‍സെടുത്ത കോണ്‍വെയും 16 ബൗളില്‍ 26 റണ്‍സെടുത്ത ഗെയ്ക്വാദിനെയും കൂടാരം കയറ്റി. പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെ കളി ഏറ്റെടുത്തു. ആദ്യ നാല് ബോളില്‍ തന്നെ രണ്ട് സിക്സറുകള്‍ പറത്തി കളി ചെന്നൈക്ക് അനുകൂലമാക്കി. വിജയ് ശങ്കറിന്റെ കയ്യിലവാസാനിച്ച രഹാനെ 13 ബോളില്‍ നിന്ന് 27 റണ്‍സാണ് സംഭാവന ചെയ്തത്. 12-ാം ഓവറില്‍ ശിവം ദുബെ റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി ്ത്സരം തിരികെ കൊണ്ടുവന്നു. 18 ബോളില്‍ 39 റണ്‍സ് എന്ന ജയിക്കാനാവുമെന്ന സ്ഥിതിയിലേക്ക് ചെന്നൈ എത്തി. മോഹിത്തിനെ തുടരെ തുടരെ സിക്‌സറിന് പറത്തി റായുഡുവും ദുബെക്ക് കൂട്ടായി തകര്‍ത്തടിച്ചു. എട്ട് ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് റായുദു മടങ്ങി. പിന്നാലെ എത്തിയ ധോണിയെ വന്നവേഗത്തില്‍ തന്നെ മോഹിത് മടക്കി. ഇതോടെ ഗുജറാത്ത് കളി തിരിച്ചുപിടിച്ചു. പക്ഷേ ക്രീസില്‍ ഉണ്ടായിരുന്ന ജഡേജ കിരീടം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്റെ ബാറ്റിങ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തത്. രണ്ടാം ക്വാളിഫെയറില്‍ മുംബൈക്കെതിരെ നിര്‍ത്തിയിടത്ത് നിന്ന് തന്നെ ഗില്‍ തുടര്‍ന്നു. കൂടെ സാഹയും. ചെന്നൈ ഫീല്‍ഡര്‍മാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. എന്നാല്‍ ഗുജറാത്തിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ തലയുടെ മിന്നല്‍ വേഗത്തിലുള്ള നീക്കം. ധോണിയുടെ മികച്ച സ്റ്റംപിങ്ങില്‍ ഗുജറാത്തിന്റെ സ്റ്റാര്‍ പ്ലയര്‍ ഗില്‍ കൂടാരം കയറി. 20 ബോളില്‍ നിന്ന് 39 റണ്‍സാണ് ഗില്ലിന്റെ സംഭാവന.

39 ബോളില്‍ 54 റണ്‍സില്‍ നില്‍ക്കെ ചാഹര്‍ സാഹയെ വീഴ്ത്തി. രണ്ട് വിക്കറ്റ് പോയിനില്‍ക്കുന്ന സമയത്ത് ക്യാപ്റ്റന്‍ പാണ്ഡ്യ തന്നെ ക്രീസിലെത്തി. സുദര്‍ശന്‍ മറുതലക്കല്‍ തകര്‍പ്പനടികള്‍ക്ക് തുടക്കമിട്ടു. നിരന്തരം ബൗണ്ടറികള്‍ പായിച്ച് സുദര്‍ശന്‍ ചെന്നൈ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. അവസാന ഓവറില്‍ തകര്‍ത്തടിച്ച് നില്‍ക്കെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദര്‍ശന്‍ വീണു. പതിരാനയുടെ ബോളില്‍ എല്‍ബിഡബ്ല്യു. ടീമിന്റെ സ്‌കോര്‍ 212 ല്‍ നില്‍ക്കെ 96 റണ്‍സ് സംഭാവന ചെയ്താണ് സുദര്‍ശന്‍ കളം വിട്ടത്.