മിഗ്‌ജോം ചുഴലിക്കാറ്റും മഴയും: ചെന്നൈയില്‍ ജനജീവിതം നിശ്ചലം, കനത്തനാശനഷ്ടം, മരണം അഞ്ചായി
|
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച ശേഷം ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഗ്‌ജോം ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ തീവ്രമഴയില്‍ മുങ്ങി ചെന്നൈ. ഞായറാഴ്ച വൈകീട്ടോടെ തുടങ്ങിയ മഴ ഇന്നലെ രാവിലെ മുതല്‍ കൂടുതല്‍ കനക്കുകയും വ്യാപകമായി വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയുമായിരുന്നു. വ്യാപകനാശനഷ്ടങ്ങള്‍ക്ക് പുറമെ വൈദ്യുതിവിതരണം തടസ്സപ്പെടുകയും ഗതാഗത സ്തംഭനം ഉണ്ടാവുകയും ചെയ്തതോടെ ചെന്നൈയിലെ ജനജീവിതം തീര്‍ത്തും ദുസ്സഹമായി.
മഴയോടനുബന്ധിച്ചുള്ള പ്രകൃതി ദുരന്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇതില്‍ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റും രണ്ടുപേര്‍ മരംദേഹത്ത് വീണുമാണ് മരിച്ചത്. എല്ലാവരും പുരുഷന്‍മാരാണ്.
മഴയിലും കാറ്റിലും തമിഴ്‌നാട്ടിലെ റെയില്‍ഗതാഗതവും ഏറെക്കുറേ തടസ്സപ്പെട്ടു. നേരത്തെ കേരളത്തില്‍ നിന്നും തിരിച്ചുമുള്ള 40 സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ ഇന്നലെ എട്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. വെള്ളം കയറിയതിനെത്തുടര്‍ന്ന് സര്‍വിസുകള്‍ നിര്‍ത്തിവച്ച ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ ഒമ്പത് മണി വരെ അടച്ചിട്ടു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
വൈദ്യുതി മുടങ്ങിയതോടെ ചെന്നൈ നഗരം ഇരുട്ടിലായി. മരണം വീണതിനാല്‍ ചെന്നൈയിലെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ വ്യാപകമായി വൈദ്യുതിയും തടസ്സപ്പെട്ടു. പലയിടത്തും രാവിലെ മുതല്‍ ഇരുട്ടിലാണ്. 47 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും തീവ്രമഴയാണ് ചെന്നൈയില്‍ ഇന്നലെ രേഖപ്പെടുത്തിയത്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കുമടക്കം ഇന്നും പൊതു അവധി പ്രഖ്യാപിച്ചു. ഇവിടെ ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം അനുവദിക്കാന്‍ സ്വകാര്യസ്ഥാപനങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ചെന്നൈയുടെ അയല്‍ ജില്ലകളെയും മഴ ബാധിച്ചു. ഇതോടൊപ്പം തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന ആന്ധ്രാപ്രദേശിലെ എന്‍.ടി.ആര്‍, കൃഷ്ണ ജില്ലകളെയും പുതുച്ചേരിയെയും മഴ ബാധിച്ചു. ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്.





